ഇന്ദിര ആര്‍ട്സ് സെന്‍ററില്‍ ഇളക്കി പ്രതിഷ്ഠ

ബി.ജെ.പി സാംസ്കാരിക സെല്ലിനെ നയിച്ചിരുന്ന ഡി.പി. സിന്‍ഹ, ചന്ദ്രപ്രകാശ് ദ്വിവേദി, നിതിന്‍ ദേശായി എന്നിവര്‍ ട്രസ്റ്റി ബോര്‍ഡില്‍
ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധി നാഷനല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്സ് ആര്‍.എസ്.എസുകാരെ കുത്തിനിറച്ച് സാംസ്കാരിക മന്ത്രാലയം പുന$സംഘടിപ്പിച്ചു. നയതന്ത്രജ്ഞനായ ചിന്മയ ഘരേഖാന്‍ ചെയര്‍മാനായ ട്രസ്റ്റി ബോര്‍ഡില്‍ ഒരാളൊഴികെ എല്ലാവരെയും പിരിച്ചുവിട്ടു.

ഹിന്ദി പത്രക്കാരനായ രാം ബഹാദൂര്‍ റായിയെ അധ്യക്ഷനായി നിയമിച്ചു. വര്‍ധിക്കുന്ന അസഹിഷ്ണുതക്കെതിരെ എഴുത്തുകാര്‍ ഓരോരുത്തരായി അവാര്‍ഡ് തിരിച്ചുനല്‍കിയ സമയത്ത് മോദിസര്‍ക്കാറിന്‍െറ പക്ഷംപിടിച്ചവരാണ് റായി അടക്കം ബോര്‍ഡില്‍ പുതുതായി നിയമിച്ച നാലുപേര്‍. അസഹിഷ്ണുതക്കെതിരായ എഴുത്തുകാരുടെ പ്രതിഷേധത്തിനെതിരെ അനുപം ഖേറിന്‍െറ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും മറ്റും പങ്കെടുക്കുകയും ചെയ്തിരുന്നു. കാമ്പസുകള്‍ കേന്ദ്രീകരിച്ചുനടന്ന ‘ദേശീയതാ’ ചര്‍ച്ചയില്‍ സര്‍ക്കാര്‍പക്ഷത്തെ ന്യായീകരിച്ചുപോന്നവരാണ് പുതുതായി നിയമിച്ച മിക്കവരും. ഒമ്പതു വര്‍ഷമായി ബോര്‍ഡ് ചെയര്‍മാനായിരുന്നു ഘരേഖാന്‍. മാറ്റത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചില്ല. ഉടനടി പ്രാബല്യത്തില്‍ വരുന്നവിധം വ്യാഴാഴ്ചയാണ് സര്‍ക്കാര്‍നടപടി ഉണ്ടായത്.

2015ല്‍ മോദിസര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ച പത്മ അവാര്‍ഡ് പട്ടികയില്‍ പത്മശ്രീ നേടിയ പത്രപ്രവര്‍ത്തകനാണ് രാം ബഹാദൂര്‍ റായി. ആര്‍.എസ്.എസുമായി ദീര്‍ഘകാലബന്ധമുള്ള റായി, ജെ.പി മുന്നേറ്റത്തിലും പങ്കാളിയായിരുന്നു. ആര്‍.എസ്.എസ് ജോയന്‍റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാലിന്‍െറ അടുത്തയാള്‍. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൃഷ്ണഗോപാലിന് വലിയ സ്വാധീനം ഇപ്പോഴുണ്ട്. ഭരതനാട്യ നര്‍ത്തകി പത്മ സുബ്രഹ്മണ്യമാണ് ഇളക്കിപ്രതിഷ്ഠയില്‍ പുറത്താകാത്ത ഒരേയൊരു അംഗം.

ഒഡീസി നര്‍ത്തകി സൊണാല്‍ മാന്‍ സിങ്, ചിത്രകാരനായ വാസുദേവ കാതത്ത്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി ബ്രാന്‍ഡ് നിര്‍മിതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രഫഷനലുകളില്‍പെട്ട ഗുരു പ്രസൂന്‍ ജോഷി, ബി.ജെ.പി സാംസ്കാരിക സെല്ലിനെ നയിച്ചിരുന്ന ഡി.പി. സിന്‍ഹ, സെന്‍സര്‍ ബോര്‍ഡില്‍ മോദിസര്‍ക്കാര്‍ തിരുകിയ ചലച്ചിത്രകാരന്‍ ചന്ദ്രപ്രകാശ് ദ്വിവേദി, കലാസംവിധായകന്‍ നിതിന്‍ ദേശായി എന്നിവരും ട്രസ്റ്റി ബോര്‍ഡില്‍ സ്ഥാനംപിടിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത സ്റ്റേജ് പ്രത്യേക ഡിസൈനില്‍ തയാറാക്കിയത് നിതിന്‍ ദേശായിയും സംഘവുമാണ്.

‘നിങ്ങളുടെ കുട്ടിയോട് ഹൈന്ദവതയെക്കുറിച്ച് എങ്ങനെ പറയണ’മെന്ന പുസ്തകമെഴുതിയ ആന്ധ്രപ്രദേശിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെ. അരവിന്ദ റാവുവാണ് മറ്റൊരാള്‍. വ്യവസായി ഹര്‍ഷ് നിയോഷ്യ, കലാചരിത്രകാരന്‍ സരയു ജോഷി, ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് റാഠി വിനയ് ഝാ, ഡല്‍ഹി സര്‍വകലാശാല ബുദ്ധപഠനവിഭാഗം പ്രഫസര്‍ നിര്‍മല ശര്‍മ തുടങ്ങിയവരും ബോര്‍ഡിലുണ്ട്. 1991വരെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു ട്രസ്റ്റിന്‍െറ അധ്യക്ഷന്‍. പിന്നീട് സോണിയ ഗാന്ധി പ്രസിഡന്‍റായി. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് 2001ല്‍ സോണിയക്ക് രാജിവെക്കേണ്ടിവന്നു. ഇതുവരെ ഉണ്ടായിരുന്ന ബോര്‍ഡില്‍ കപില വാത്സ്യായന്‍, സല്‍മാന്‍ ഹൈദര്‍, ജി.കെ. പിള്ള, പ്രിയാ പോള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.

പുന$സംഘടനയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കലാകേന്ദ്രത്തിന്‍െറ പുന$സംഘടന അസഹിഷ്ണുതയുടെ അടയാളമാണെന്നും ഹിന്ദുരാഷ്ട്ര നിര്‍മിതിയിലേക്കുള്ള ചുവടാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൊല്‍ക്കത്തയില്‍ പറഞ്ഞു. ഹൈന്ദവ ഐതിഹ്യങ്ങള്‍ ചരിത്രത്തിനു പകരംവെക്കാന്‍ ശ്രമിക്കുന്ന കൂട്ടരാണ് ബി.ജെ.പിക്കാരെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.