മുദ്രാവാക്യം വിളിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡല്‍ഹി ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുദ്രാവാക്യം വിളിച്ചതിന് വിദ്യാര്‍ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യയെയും ഉമര്‍ ഖാലിദിനെയും പുറത്താക്കാനുള്ള ജെ.എന്‍.യു വാഴ്സിറ്റി അധികൃതരുടെ തീരുമാനത്തെ താന്‍ പിന്തുണക്കുന്നില്ളെന്ന് ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജങ്. വാഴ്സിറ്റിക്കകത്ത് പൊലീസിന് പ്രവേശാനുമതി നല്‍കിയ വി.സിയുടെ നടപടിയെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കടുത്ത സംഭവങ്ങളുണ്ടാകുമ്പോഴേ കാമ്പസിലേക്ക് പൊലീസിനെ വിളിക്കാവൂ. പ്രശ്നം കാമ്പസിനകത്തെ ചര്‍ച്ചയിലൂടെ പരിഹരിക്കാമായിരുന്നു. ഇതാണ് ജെ.എന്‍.യുവിലെ പാരമ്പര്യം.
വിദ്യാര്‍ഥികള്‍ ആസാദി മുദ്രാവാക്യം മുഴക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ദേശവിരുദ്ധതയെ പ്രോത്സാഹിപ്പിക്കാനാവില്ളെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ ജനത ചില യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. സൈന്യത്തിന്‍െറ വിന്യാസത്തിലുള്ള അസന്തുലിതത്വവും ‘അഫ്സ്പ’യും അവരെ അലട്ടുന്നുണ്ടെന്നും അവരോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനാണ് താന്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ല. അത് വിളിക്കാന്‍ വിസമ്മതിക്കുന്ന ഒരാളെ ദേശവിരുദ്ധനായോ ഇന്ത്യാവിരുദ്ധനായോ കാണാനാവില്ല. ദൈവത്തെ ആരാധിക്കുന്നതും രാജ്യത്തെ ആരാധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശാലമായ ഇടം നല്‍കേണ്ടതുണ്ട്. ദേശത്തെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണം- അദ്ദേഹം പറഞ്ഞു.  
ഇന്ത്യന്‍ യുവത്വം കനയ്യകുമാറില്‍ ചില പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. കാരണം, കനയ്യ നന്നായി സംസാരിക്കും, അദ്ദേഹത്തിന് ഒരു നിലപാടുണ്ട്. അതേസമയം, കനയ്യ യുവാവാണ്. അദ്ദേഹത്തിന് സമയം നല്‍കണം. ശരിയായ മാര്‍ഗനിര്‍ദേശവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.