അഹ് മദാബാദ്: ഗുജ്റാത്ത് കലാപത്തിന്‍റെ പ്രതീകമായി വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന മുഖമാണ് കുത്തുബ്ദീൻ അൻസാരിയുടേത്. ഒരു മനുഷ്യന്‍റെ ദൈന്യത മുഴുവൻ തന്‍റെ കണ്ണുകളിൽ നിറച്ച് തൊഴുകൈകളുമായി നിൽക്കുന്ന അൻസാരിയുടെ മുഖം ആ ഫോട്ടോ കണ്ട ആരുടെ മനസ്സിൽ നിന്നും മായുകയില്ല. ഇപ്പോൾ ആ ഫോട്ടോ തന്നെയാണ് അൻസാരിക്ക് ഭാരമായി തീർന്നിരിക്കുന്നതും. അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തന്‍റെ ഫോട്ടോയുമായി കോൺഗ്രസ് പോസ്റ്റർ ഇറക്കിയതാണ് അൻസാരിയെ വീണ്ടും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
ഇതാണോ മോദിയുടെ വികസനം? ഇത്തരത്തിലുള്ള ഒരു അസം വേണമെന്നണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എന്നാണ് അൻസാരിയുടെ ഫോട്ടോയുമായി ഇറങ്ങിയ പോസ്റ്ററിലെ വാചകങ്ങൾ. ഈ പോസ്റ്ററുകൾ തന്‍റെ ജീവതം ദുസഹമാക്കുന്നുവെന്ന് അൻസാരി പറയുന്നു. തനിക്ക് താൽപര്യമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുകയാണ്. ചില ആൾക്കാരും പാർട്ടികളും ചിന്തിക്കുന്നത് താൻ സ്വയം ചെയ്യുന്നതാണ് ഇതെന്നാണ്. എനിക്ക് ഗുജറാത്തിൽ ജീവിക്കണം. ദയവയായി എന്നെ വെറുതെ വിടുക. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അൻസാരിയുടെ ആവശ്യം.
അസമിലേയും പശ്ചിമ ബംഗാളിലേയും മുസ് ലിം ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുനട്ടാണ് കോൺഗ്രസ് അൻസാരിയുടെ ഫോട്ടോ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. നേരത്തേ എൻ.സി.പി തന്‍റെ ഫോട്ടോ പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അൻസാരിക്ക് അനുകൂലമായ ഉത്തരവിടാൻ കോടതി വിസമ്മതിച്ചിരുന്നു. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിനിടെ അർകോ ദത്തയാണ് പ്രശസ്തമായ ഈ ഫോട്ടോ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.