സ്മൃതി ഇറാനിയുടെ മന്ത്രാലയത്തിന്‍െറ നടപടിയെ പരിഹസിച്ച് കനയ്യ

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സര്‍വകലാശാലകളില്‍ ജെ.എന്‍.യുവിന് മൂന്നാം സ്ഥാനം പ്രഖ്യാപിച്ച കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പിന്‍െറ നടപടി പരിഹാസ്യമാണെന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍. ‘ഒരു വശത്ത് ഞങ്ങളുടെ സ്വയംഭരണാവകാശത്തെ ആക്രമിക്കുന്ന അതേ മന്ത്രാലയമാണ് മികച്ച സര്‍വകലാശാലകളില്‍ ജെ.എന്‍.യുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്’ -ദേശദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ജയില്‍വാസം അനുഭവിച്ച മൂന്നു പേരില്‍ ഒരാളായ കനയ്യ പറഞ്ഞു.

ജെ.എന്‍.യുവിന് തൊട്ടുപിന്നില്‍, ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല പഠിച്ചിരുന്ന ഹൈദരാബാദ് സര്‍വകലാശാലയാണ്. രണ്ടു സര്‍വകലാശാലയിലും അടുത്തിടെ മന്ത്രി സ്മൃതി ഇറാനിക്കെതിരെ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിലവാരം കണക്കാക്കി എന്‍ജിനീയറിങ്, മാനേജ്മെന്‍റ്, ഫാര്‍മസി, സര്‍വകലാശാലകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യ റാങ്കിങ്സ് 2016 പുറത്തുവിട്ടത്. മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ബാംഗ്ളൂര്‍ ആണ്. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയാണ് രണ്ടാം സ്ഥാനത്ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.