കൊൽക്കത്ത: വ്യാഴാഴ്ച നടന്ന മേൽപ്പാല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. ചുരുങ്ങിയത് 100 പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. മുന്നൂറോളം സൈനികരും കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളും പൊലീസുദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപ നൽകും. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും സംസ്ഥാനസർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തത്തെക്കുറിച്ച് വിദേശ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമത ബാനർജി ചർച്ച ചെയ്തു. ഇപ്പോൾ വാഷിങ്ടണിലുള്ള പ്രധാനമന്ത്രി സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുകയും കേന്ദ്രസർക്കാരിന്‍റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മേൽപ്പാല നിർമാണത്തിന്‍റെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഐ.വി.ആർ.സി.എൽ എന്ന കമ്പനിക്കെതിരെ കേസെടുത്തു. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങളാരംഭിച്ചു. പശ്ചിമ ബംഗാളിന് പുറമെ മറ്റ് സംസ്ഥാനങ്ങളും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തും.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന ദുരന്തം പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. മമത ബാനർജി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്‍റെ നഗര വികസന മന്ത്രി ഫിർഹാദ് ഹക്കീമിനെതിരെയാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന വിമർശം. ഇദ്ദേഹം കൈക്കൂലി വാങ്ങിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അഴിമതിയുടെ പ്രത്യാഘാതമാണ് മോൽപ്പാലം തകർന്ന സംഭവമെന്നും മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ബി.ജെ.പി നേതാവ് സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെ കൊൽക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബരാ ബസാറിലെ മേൽപ്പാലമാണ് തകർന്നു വീണത്.
അപകടത്തിൻെറയും രക്ഷാപ്രവർത്തനത്തിൻെറയും 360°തലത്തിലുള്ള ത്രിമാന ചിത്രം.
Post from RICOH THETA. - Spherical Image - RICOH THETA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.