ന്യൂഡല്‍ഹി: കരാര്‍വ്യവസ്ഥകള്‍ ലംഘിച്ച് 2ജി സ്പെക്ട്രം ലൈസന്‍സ് നേടുന്നതിന് സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് (എസ്.ടി.പി.എല്‍) ഫണ്ടിങ് നടത്തിയത് റിലയന്‍സ് തന്നെയെന്ന് സി.ബി.ഐ.
കേസില്‍ വാദംകേട്ട സി.ബി.ഐ സ്പെഷല്‍ കോടതി ജഡ്ജി ഒ.പി. സെയ്നി മുമ്പാകെയാണ് അന്വേഷണസംഘം റിലയന്‍സിനെതിരെ ശക്തമായ വാദവുമായി രംഗത്തത്തെിയത്. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യാജ കമ്പനി നിര്‍മിച്ച് സ്പെക്ട്രം ലൈസന്‍സ് നേടാനായിരുന്നു റിലയന്‍സിന്‍െറ ശ്രമം. ഇതിനായി ഫണ്ടിങ് ഉള്‍പ്പെടെ കമ്പനിക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് റിലയന്‍സാണ്.
മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവര്‍ക്കൊപ്പം എസ്.ടി.പി.എല്‍ പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്ക, റിലയന്‍സിന്‍െറ മൂന്ന് എക്സിക്യൂട്ടിവുകളായ ഗൗതം ദോഷി, സുരേന്ദ്ര പിപാര, ഹരി നായര്‍ എന്നിവരും 2ജി കേസില്‍ വിചാരണ നേരിടുകയാണ്.
വ്യാജ കമ്പനിയെ മുന്നില്‍നിര്‍ത്തി അന്യായമാര്‍ഗത്തിലൂടെ പണം ചെലവിട്ടാണ് റിലയന്‍സ് സ്പെക്ട്രം ലൈസന്‍സ് നേടിയതെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. 14 സര്‍ക്കിളുകള്‍ക്കായാണ് എസ്.ടി.പി.എല്‍ അപേക്ഷിച്ചിരുന്നത്. ഇതിനായി പണം ചെലവഴിച്ചത് റിലയന്‍സ് ആയിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടത്തെിയതെന്ന് സി.ബി.ഐ പബ്ളിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ വാദിച്ചു. എന്നാല്‍, ഇത് പ്രതിഭാഗം നിഷേധിച്ചു. കേസില്‍ നവംബര്‍ രണ്ടുവരെ വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.