വര്‍ഗീസ് കുര്യന് പ്രണാമമര്‍പ്പിച്ച് ഗൂഗ്ള്‍ ഡൂഡ്ൽ

കോഴിക്കോട്: ധവള വിപ്ളവ നായകന്‍ വര്‍ഗീസ് കുര്യന് ഗൂഗ്ളിന്‍റെ പ്രണാമം. മലയാളിയായ കുര്യന്‍റെ 94ാം ജന്മദിനത്തിൽ ഹോംപേജിൽ ഡൂഡിലുമായാണ് ഗൂഗ്ൾ കുര്യനോടുള്ള ആദരവറിയിക്കുന്നത്. അമൂൽ എന്ന ബ്രാൻഡിനെ ലോകവിപണിയുടെ മുൻനിരയിലെത്തിച്ചത് കുര്യനാണ്. പാൽ ഉത്പാദനത്തിൽ കമ്മി നേരിട്ട് കൊണ്ടിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യങ്ങളിലൊന്നാക്കി മാറ്റിയത് ഗുജറാത്തിൽ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാരംഭിച്ച ധവള വിപ്ളവമായിരുന്നു. 1998ൽ പാൽ ഉത്പാദനത്തിന്‍റെ കാര്യത്തിൽ അമേരിക്കയെ പിന്നിലാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.

അമേരിക്കയിൽ നിന്നും മാസ്റ്റർ ബിരുദമെടുത്ത് തിരിച്ചുവന്ന ശേഷം സർക്കാർ ഉടമസ്ഥതയിലുള്ള ആനന്ദിലെ ക്ഷീരവികസന ബോർഡിൽ ചേരുകയായിരുന്നു ഇദ്ദേഹം. ഇവിടെ പരീക്ഷണ അടിസ്ഥാനത്തിൽ കുര്യൻ ആരംഭിച്ച പ്രവർത്തനങ്ങളാണ് ധവളപിപ്ളവത്തിന് അരങ്ങൊരുക്കിയത്.

വർഗീസ് കുര്യൻ
 

ഇന്ത്യന്‍ ക്ഷീര വികസന ബോര്‍ഡിന്‍റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമാണ് വര്‍ഗീസ്. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്‍റെ ചെയര്‍മാനായി 34 വര്‍ഷം പ്രവര്‍ത്തിച്ചു. ജനിച്ചത് കേരളത്തിലെ കോഴിക്കോടാണെങ്കിലും പ്രവർത്തനമേഖല ഗുജറാത്തായിരുന്നു. അമുൽ എന്ന ബ്രാൻഡിനെ ലോകനിലവാരത്തേക്കുയർത്തിയതിനാൽ അമുൽ കുര്യൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

അമുലിന്‍റെ വിജയത്തെ തുടർന്ന് പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി കുര്യനെ നാഷണല്‍ ഡയറി ഡെവലപ്പ്മെന്‍റെ ബോര്‍ഡിന്‍റെ ചെയര്‍മാനാക്കി. 1999ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം നല്‍കി കുര്യനെ രാജ്യം ആദരിച്ചു. 1963ല്‍ മാഗ്സസെ, 1965ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷണ്‍, 1989ലെ വേള്‍ഡ് ഫുഡ് പ്രൈസ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.