ന്യൂഡല്‍ഹി: അസഹിഷ്ണുതാ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ലക്ഷ്യത്തെ തകര്‍ക്കുന്നതാണെന്ന് ബി.ജെ.പി വിലയിരുത്തി. പ്രതിപക്ഷത്തിന്‍െറയും ഉന്നത വ്യക്തികളുടെയും ഇത്തരം പ്രചാരണങ്ങള്‍ രാജ്യത്ത് വിദേശ നിക്ഷേപത്തിന്‍െറ വരവ് തടഞ്ഞിരിക്കുകയാണെന്നും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ വിഷയമുന്നയിച്ച് പ്രതിരോധം തീര്‍ക്കുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി. മോദി ഇന്ത്യയില്‍ നിക്ഷേപം നടത്തിക്കാനുള്ള തീവ്രയത്നമാണ് നടത്തുന്നത്. എന്നാല്‍, ഓരോ സന്ദര്‍ശനത്തിലും മോദി നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് ശേഷവും അസഹിഷ്ണുത സംബന്ധിച്ച പ്രചാരണങ്ങളാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ഉന്നത ബി.ജെ.പി നേതാവ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ മാത്രം ഇത്തരം ആരോപണങ്ങളുന്നയിക്കുകയാണെങ്കില്‍ പ്രശ്നമില്ല. എന്നാല്‍, സാംസ്കാരിക രംഗത്തെ പ്രമുഖരും നടന്മാരും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ അതിന് വന്‍പ്രചാരമാണ് ലഭിക്കുന്നത്. ഷാറൂഖ് ഖാനെയും ആമിര്‍ ഖാനെയും പോലുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വളരെ ഗൗരവത്തോടുകൂടിയാണ് വിദേശ നിക്ഷേപകര്‍ കാണുന്നത്. ഇതുമൂലം മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ട നിക്ഷേപ സമാഹരണത്തിന് പ്രധാന വിലങ്ങുതടിയായി അസഹിഷ്ണുതാ പ്രചാരണം മാറിയിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് തുറന്നു സമ്മതിച്ചു. നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വന്ന വിദേശ പ്രതിനിധിസംഘം ചര്‍ച്ചയെല്ലാം കഴിഞ്ഞ ശേഷം അസഹിഷ്ണുതയെക്കുറിച്ചാണ് ചോദിച്ചതെന്നും ഈ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.