ഭക്ഷ്യസുരക്ഷാ നിയമം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വരുന്ന ഏപ്രിലോടെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാനാകുമെന്ന്  കേന്ദ്ര ഭക്ഷ്യസുരക്ഷാ മന്ത്രി രാംവിലാസ് പാസ്വാൻ. സംസ്ഥാന ഭക്ഷ്യവകുപ്പ് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും  അവലോകന യോഗത്തിനുശേഷം മന്ത്രി അറിയിച്ചതാണിത്. ദുർബലസമൂഹത്തിെൻറ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ മുന്നോട്ടുവെക്കുന്ന സുപ്രധാന പദ്ധതികളിലൊന്നായ ഭക്ഷ്യസുരക്ഷ നടപ്പാക്കാൻ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം  കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. എന്നാൽ, കേരളമടക്കമുള്ള  സംസ്ഥാനങ്ങൾ പലതും കമ്പ്യൂട്ടർവത്കരണമുൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾപോലും  പൂർത്തിയാക്കിയിട്ടില്ല.

നടപ്പാക്കിയ പല സംസ്ഥാനങ്ങളും വേണ്ട രീതിയിലല്ല അതു ചെയ്തത്. ഗോഡൗണുകളിൽനിന്ന് ധാന്യങ്ങൾ ശേഖരിക്കൽ മുതൽ ഒരു അരിമണിപോലും നഷ്ടപ്പെടുകയോ അന്യായ വഴിയിലേക്ക് പോവുകയോ ചെയ്യാതെ യഥാർഥ ഗുണഭോക്താക്കളിൽ എത്തിക്കുക എന്നത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്.
ഇതിനായി ഗുണഭോക്താക്കളുടെ കൃത്യമായ തിരിച്ചറിയൽ അടയാളങ്ങളും രേഖകളും ശേഖരിക്കാനും വെബ്സൈറ്റിൽ ചേർക്കാനും നിർദേശിച്ചെങ്കിലും അതും സംസ്ഥാനങ്ങൾ പലതും ചെയ്തിട്ടില്ല. കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കിയാൽ മാത്രമേ പിഴവുകൂടാതെ പദ്ധതി നടപ്പാക്കാനാകൂ.

നേരത്തേ ശേഖരിച്ച വിവരങ്ങളിൽ വീഴ്ച സംഭവിച്ചതിനാൽ വീണ്ടും വിവരശേഖരണം നടത്തിവരുകയാണെന്നും മാർച്ചിനകം ഇതു പൂർത്തിയാക്കാനാകുമെന്നും കേരളം യോഗത്തിൽ വ്യക്തമാക്കി. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമൂലമാണ് പ്രവൃത്തികളിൽ താമസം നേരിട്ടതെന്ന് സംസ്ഥാന ഭക്ഷ്യ സെക്രട്ടറി ദേവേന്ദ്രകുമാർ അറിയിച്ചു. വിദേശ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള നിയമങ്ങൾ കർശനമാക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചിരുന്നു.     
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.