ന്യൂഡൽഹി: പൊലീസുകാരനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആം ആദ്മി എം.എൽ.എ സരിത സിങിനെതിരെകേസെടുത്തു. ഞായറാഴ്ച ഡൽഹിയിലെ രോഹ്താഷ് നഗറിലെ വിവാഹ പാർട്ടിക്കിടെ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് എം.എൽ.എയും ഡ്രൈവറുംഅപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ആരോപണം സരിതാസിങ് നിഷേധിച്ചിട്ടുണ്ട്.
സരിത സിങിന്‍റെ കാർ മുന്നോട്ടെടുക്കുന്നതിനിടെ പൊലീസിന്‍റെ മോട്ടോർ ബൈക്കിൽ ഇടിച്ചതായിരുന്നു സംഭവങ്ങൾക്ക് തുടക്കമിട്ടത്. ബൈക്കിൽ നിന്നും ചാടിയിറങ്ങിയതിനാലാണ് സ്വയം രക്ഷപ്പെടാനായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്.
ഞായാറാഴ്ച പാർട്ടി പ്രവർത്തകന്‍റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എം.എൽ.എ. ഇവിടെ ഒദ്യോഗിക ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും സരിതാ സിങിന്‍റെ ഡ്രൈവറും തമ്മിൽ വാക്കേറ്റത്തിലേർപ്പെടുകയും ഇതിൽ എം.എൽ.എ ഇടപെടുകയുമായിരുന്നു.
എം.എൽ.എ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥന്‍റെ ഡ്യൂട്ടി തടസപ്പെടുത്തി, അപകടകരമായി കാറോടിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്ക്186, 279, 506 എന്നീ വകുപ്പുകളാണ് എം.എൽ.എ ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ, പൊലീസ് ഉദ്യോഗസ്ഥനാണ് തന്നോട് ആദ്യം മോശമായി പെരുമാറിയതെന്നും ആം ആദ്മി പാർട്ടിയോട് ദൽഹി പൊലീസിനുള്ള വൈരാഗ്യമാണ്സംഭവത്തിന് കാരണമെന്നുമാണ് സരിതാ സിങിന്‍റെ വിശദീകരണം. തന്നോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ ഭാഗം മുറിച്ച് നീക്കിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.