ഷീന ബോറ കൊലക്കേസ്: പീറ്റര്‍ മുഖര്‍ജിയുടേത് പരസ്പരവിരുദ്ധ മൊഴിയെന്ന് സി.ബി.ഐ

മുംബൈ: ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജി നല്‍കുന്നത് പരസ്പരവിരുദ്ധ മൊഴികളെന്ന് സി.ബി.ഐ. ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് വ്യാഴാഴ്ച വൈകീട്ടാണ് പീറ്റര്‍ മുഖര്‍ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്ത്. ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പീറ്റര്‍ മുഖര്‍ജിക്ക് അറിയാമെന്ന് സി.ബി.ഐ പറയുന്നു.
പീറ്ററിന്‍െറ മകനും ഷീനയുടെ കാമുകനുമായ രാഹുല്‍ മുഖര്‍ജി സി.ബി.ഐക്ക് നല്‍കിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെയും എസ്.എം.എസുകളുടെയും പകര്‍പ്പുകളാണ് പീറ്റര്‍ മുഖര്‍ജിയെ കുരുക്കിലാക്കിയത്.
പീറ്റര്‍ മുഖര്‍ജിയെ മറ്റു പ്രതികളായ ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചോദ്യംചെയ്യേണ്ടതുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
പീറ്ററുടെ സി.ബി.ഐ കസ്റ്റഡി തിങ്കളാഴ്ച അവസാനിക്കും. കസ്റ്റഡി നീട്ടാന്‍ സി.ബി.ഐ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം, രാഹുല്‍ മുഖര്‍ജിയെ ഞായറാഴ്ചയും സി.ബി.ഐ ചോദ്യംചെയ്തു. ഷീനയുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ രാഹുല്‍ കൈമാറിയതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. രാഹുലാണ് കേസിലെ പ്രധാന സാക്ഷി.
ഷീനയുമായുള്ള ബന്ധത്തിന്‍െറ പേരില്‍ ഇന്ദ്രാണി മുഖര്‍ജിയുമായി ഇടഞ്ഞ രാഹുല്‍ പീറ്റര്‍, ഇന്ദ്രാണി, പീറ്റര്‍ മുഖര്‍ജി ദത്തെടുത്ത മകള്‍ വിധി എന്നിവരുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. എസ്.എം.എസ്, വാട്സ്ആപ് സന്ദേശങ്ങളും സൂക്ഷിച്ചു.
ഷീനയുമായുള്ള ബന്ധത്തിന്‍െറ പേരില്‍ പീറ്റര്‍ മുഖര്‍ജിയുടെ മൊബൈലില്‍നിന്ന് എസ്.എം.എസ് സന്ദേശങ്ങള്‍ രാഹുലിന് ലഭിച്ചിരുന്നു.
ഈ സന്ദേശങ്ങള്‍ താനറിയാതെ ഇന്ദ്രാണി അയച്ചതാണെന്നാണ് പീറ്റര്‍ മൊഴി നല്‍കിയത്. ഷീനയുമായുള്ള രാഹുലിന്‍െറ ബന്ധം തുടക്കത്തില്‍ എതിര്‍ത്തെങ്കിലും 2012ല്‍ അത് അംഗീകരിച്ചതായി പീറ്റര്‍ മൊഴി നല്‍കി. അതേസമയം, തന്‍െറ പിതാവ് പീറ്റര്‍ മുഖര്‍ജി നിരപരാധിയാണെന്ന് രാഹുല്‍ മുഖര്‍ജി ഞായറാഴ്ചയും മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.