ഇനി വിരല്‍ത്തുമ്പ് വൃത്തികേടാകില്ല; തെരഞ്ഞെടുപ്പില്‍ മാര്‍ക്കര്‍ പേന വരുന്നു

ന്യൂഡല്‍ഹി: വോട്ട് ചെയ്ത സന്തോഷത്തിന്‍െറകൂടെ ‘വിരല്‍ത്തുമ്പ് വൃത്തികേടായി’ എന്ന സങ്കടം തീര്‍ക്കാന്‍ ഇലക്ഷന്‍ കമീഷന്‍ ആലോചിക്കുന്നു. മഷിയും  ബ്രഷും മാറ്റി പകരം പ്രത്യേക മഷി നിറച്ച മാര്‍ക്കര്‍ പേനകള്‍ ഉപയോഗിക്കാനാണ് കമീഷന്‍ നടപടിയെടുക്കുന്നത്.
ഇതിന്‍െറ ഭാഗമായി തെരഞ്ഞെടുപ്പ് ആവശ്യത്തിന് മഷി നല്‍കുന്ന മൈസൂര്‍ പെയിന്‍റ്സ് കമ്പനി വികസിപ്പിച്ച ‘മാര്‍ക്കര്‍ പേന’കള്‍ കമീഷന്‍ പരിശോധിച്ചുവരുകയാണ്. അടുത്തകാലത്ത് അഫ്ഗാനിസ്താനില്‍ നടന്ന തെരഞ്ഞെടുപ്പിന് കമ്പനി നല്‍കിയ മാര്‍ക്കര്‍ പേനകള്‍ വിജയകരമായി ഉപയോഗിച്ചിരുന്നു.
 വോട്ട് രേഖപ്പെടുത്തുന്നതിനിടയിലെ തിരക്കിനിടെ വോട്ടര്‍മാരുടെ വിരലില്‍ വികൃതമായി പടരുന്ന കറുത്തമഷി ദിവസങ്ങളോളം മായാതെനില്‍ക്കുന്നതിനാല്‍ ഇതുസംബന്ധിച്ച നിരവധി പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചിരുന്നു.
ഇതിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം പരീക്ഷിക്കാന്‍ കമീഷന്‍ ഒരുങ്ങുന്നത്. നേരത്തേ വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടുന്നത് ഈര്‍ക്കിലുകളും ചെറിയ മരക്കമ്പുകളും കടലാസ് ചുരുളുകളും തീപ്പെട്ടിക്കോലും മറ്റും ഉപയോഗിച്ചായിരുന്നു. ഇങ്ങനെ മഷി പുരട്ടുമ്പോള്‍ വിരലുകള്‍ വൃത്തികേടാകുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടുത്തകാലത്തായി ഇതിനായി പ്രത്യേകം ബ്രഷുകള്‍ കമീഷന്‍ നല്‍കിയിരുന്നു. കൂടാതെ, മഷി ബ്രഷ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറുകളും നല്‍കിയിരുന്നു.
1962 മുതല്‍ ഇന്ത്യയില്‍ നടന്ന മുഴുവന്‍ തെരഞ്ഞെടുപ്പുകള്‍ക്കും ആവശ്യമായ ‘മായാത്ത മഷി’ നിര്‍മിച്ചുനല്‍കിയത് മൈസൂര്‍ പെയിന്‍റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് എന്ന കമ്പനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.