ന്യൂഡല്‍ഹി: മഅ്ദനിക്കെതിരായ വിചാരണവേളയില്‍ സാക്ഷികള്‍ മൊഴിമാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ ചെയ്യരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. ഒരു മൊഴിമാറ്റം എല്ലാ കേസിനെയും ബാധിക്കുന്നതൊഴിവാക്കാന്‍ ഒമ്പതു കേസിലും വെവ്വേറെ സാക്ഷിമൊഴി എടുക്കേണ്ടതുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
വിചാരണ നടക്കുന്ന കേസിലെ പ്രധാന സാക്ഷികളില്‍ പലരും പൊലീസ് ഭാഷ്യം തിരുത്തിപ്പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ മഅ്ദനി കുറ്റമുക്തനാക്കപ്പെട്ടാലും മറ്റുകേസുകളില്‍ പുതിയ വിചാരണ നടക്കണമെന്നാണ് കര്‍ണാടക സര്‍ക്കാറിനുവേണ്ടി അഡ്വ. അനിത ഷേണായ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. ഒരു കേസില്‍ രക്ഷപ്പെട്ടാല്‍പോലും ബാക്കി കേസുകളുടെ പേരില്‍ മഅ്ദനിയുടെ ജയില്‍വാസം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കര്‍ണാടക സര്‍ക്കാറിന് ഇതിലൂടെ കഴിയും. സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസും തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസും ഒന്നാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരായ വാദമാണിത്. രണ്ടു വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെയും വ്യത്യസ്ത എഫ്.ഐ.ആറുകളും ഒന്നിച്ച് പരിഗണിക്കാനായിരുന്നു സുപ്രീംകോടതി അന്ന് വിധിച്ചത്.
അതേസമയം, മഅ്ദനിയുടെ കാര്യത്തില്‍ നിലവിലുള്ള കേസില്‍ വിചാരണയും തെളിവെടുപ്പും 60 ശതമാനം കഴിഞ്ഞതാണെന്ന് കര്‍ണാടക ബോധിപ്പിച്ചു. അതിനാല്‍, ഇനിയും എല്ലാം കേസും ഒരുമിച്ചാക്കി അതില്‍ ഓരോ പ്രതിയെയും കൂട്ടിച്ചേര്‍ത്ത് വിചാരണ നടത്തുന്നത് പ്രായോഗികമല്ല. വ്യത്യസ്ത വ്യക്തികള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ഒരു വിചാരണയാക്കാന്‍ പറ്റില്ല. കേസുകള്‍ ഒന്നാക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ മഅ്ദനി ആദ്യം ഈ ആവശ്യവുമായി സമീപിക്കേണ്ടത് വിചാരണക്കോടതിയെയായിരുന്നു. എന്നാല്‍, ആ അവസരം ഉപയോഗിച്ചിട്ടില്ല. മൂന്നു വര്‍ഷം ഇങ്ങനെ ഒരു ആവശ്യമുന്നയിക്കാതെ ഇപ്പോള്‍ ഇത്തരമൊരു അപേക്ഷ നല്‍കിയത് ദുരുദ്ദേശ്യപരമാണ്. വിചാരണക്കോടതിയുടെ സമയം പാഴക്കാനേ ഇത്തരമൊരു നടപടി ഉപകരിക്കൂ.
മഅ്ദനിക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ ഒമ്പതു വ്യത്യസ്ത കേസുകളാണ് ഒമ്പതു വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളില്‍ കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയോരോന്നിനും ഒമ്പത് എഫ്.ഐ.ആര്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളതും. ഓരോ കുറ്റപത്രത്തിലും പരിക്കേറ്റവരും മരിച്ചവരും വ്യത്യസ്തരാണ്. മൂന്നു വ്യത്യസ്ത ഓഫിസര്‍മാര്‍ക്കാണ് അന്വേഷണച്ചുമതല. ഈ വാദങ്ങള്‍ പരിഗണിച്ച് മഅ്ദനിക്കെതിരായ കേസുകള്‍ ഒന്നായി പരിഗണിക്കണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് കര്‍ണാടക വാദിച്ചു. എന്നാല്‍, ബുധനാഴ്ച കേസ് പരിഗണിക്കാനിരിക്കെ ചൊവ്വാഴ്ച വൈകീട്ട് കര്‍ണാടക സമര്‍പ്പിച്ച വിചിത്രവാദത്തിന് മറുപടി നല്‍കാന്‍ മഅ്ദനിക്കുവേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ സുപ്രീംകോടതിയോട് മൂന്നാഴ്ച സമയംതേടി. ഈ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.