സമുദ്രാതിര്‍ത്തിയില്‍ സംയുക്ത പരിശോധനക്ക് തയാറെന്ന് ശ്രീലങ്ക

ചെന്നൈ: അതിര്‍ത്തി ഭേദിക്കുന്ന മത്സ്യബന്ധനത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും തലവേദനയായതോടെ ഇന്ത്യയുമായി സംയുക്ത പരിശോധനക്ക് തയാറെന്ന്  ശ്രീലങ്ക. ഇന്ത്യ-ശ്രീലങ്ക തീരരക്ഷാ സേനകളുടെ സഹകരണത്തോടെ സംയുക്ത പരിശോധനക്ക് തങ്ങള്‍ അനുകൂലമാണെന്ന് ശ്രീലങ്കന്‍ നേവിയുടെ വൈസ് അഡ്മിറല്‍ രവീന്ദ്ര സി. വിജയ്ഗുണരത്തെനെ പറഞ്ഞു.
ശ്രീലങ്കയില്‍ ഒരു ഇന്ത്യന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പലപ്രാവശ്യം ഈ ആവശ്യം ഉയര്‍ന്നെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. തമിഴ്പുലികളുടെ ഭീഷണി തടയാന്‍ 2007ല്‍ ഇന്ത്യ സമാനമായ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം, മൂന്നുമാസം കൂടുമ്പോള്‍ ഇരുരാജ്യങ്ങളുടെയും നേവി-തീരരക്ഷാ സേനകളുടെ ഫ്ളാഗ് മീറ്റിങ് നടക്കാറുണ്ട്.
അതിര്‍ത്തി ഭേദിച്ചതിന് മത്സ്യബന്ധനത്തൊഴിലാളികള്‍ ദിനംപ്രതി  അറസ്റ്റിലാകുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് ആര്‍. സമ്പന്തന്‍ പാര്‍ലമെന്‍റില്‍ സംയുക്ത പരിശോധനയുടെ ആവശ്യം ചൂണ്ടിക്കാട്ടിയിരുന്നു.  126 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളും അവര്‍ സഞ്ചരിച്ചിരുന്ന നിരവധി ബോട്ടുകളും ശ്രീലങ്കയുടെ തടവിലാണ്.
ഇന്ത്യന്‍ ജയിലുകളിലും ശ്രീലങ്കന്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ തടവിലുണ്ട്.
അതിനിടെ, ഇരു രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ആറുദിവസമായി നടന്നുവന്ന സംയുക്ത നാവികാഭ്യാസം  സമാപിച്ചു. ട്രിങ്കോമാലി കേന്ദ്രീകരിച്ചാണ് പ്രകടനം നടന്നത്. മൂന്നുവീതം ഇന്ത്യന്‍, ശ്രീലങ്കന്‍ പടക്കപ്പലുകള്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.