ഛോട്ടാരാജനെ മുംബൈയിലെത്തിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

ബാലി/ ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആദ്യം മുംബൈയിലെത്തിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ബാലിയിൽ നിന്ന് ഇന്നുരാത്രിയോടെ ഇന്ത്യയിലെത്തിക്കുന്ന  ഛോട്ടാ രാജനെ ആദ്യം മുംബൈയിലിറക്കുമെന്നാണ് മഹാരാഷ്ട്ര സർക്കാർ അറിയിച്ചത്.

മുംബൈ പൊലീസിൽ വിശ്വാസമില്ലെന്ന് ഛോട്ടാ രാജൻ മാധ്യമങ്ങളോട് നേരത്തേ വ്യക്തമാക്കിയിരുന്നു. വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ മഹരാഷ്ട്ര പൊലീസ് ഉന്നയിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്ന് തന്നെ ഡൽഹിയിലേക്ക് കൊണ്ടു പോകണം. മുംബൈ പൊലീസ് ഉദ്യോഗസ്ഥർക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട്. മുംബൈ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്നും ഛോട്ടാ രാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഒക്ടോബർ 25-ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് കുപ്രസിദ്ധ അധോലോക കുറ്റവാളിയായ ഛോട്ടാ രാജൻ അറസ്റ്റിലായത്. ഛോട്ടാ രാജനെ ഡൽഹിയിലെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി സി.ബി.ഐ ഉദ്യോഗസ്ഥരും ഡൽഹി, മുംബൈ പൊലീസും അടക്കമുള്ള ഇന്ത്യൻ സംഘം ഞായറായ്ച തന്നെ ബാലിയിലെത്തിയിട്ടുണ്ട്. ഛോട്ടാ രാജന്‍റെ വിചാരണാ നടപടികള്‍ക്കായി മുംബൈയിലെ യെർവാദ ജയിലിൽ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

ഛോട്ടാ രാജനെ വിട്ടുകിട്ടാനായി കേസുകൾ സംബന്ധിച്ച രേഖകളുടെ ഇംഗ്ലീഷിലും ഇന്തോനേഷ്യൻ ഭാഷയായ ബഹസയിലുമുള്ള പരിഭാഷ മുംബൈ പൊലീസ് ബാലി പൊലീസ് അധികൃതർക്ക് കൈമാറും. ഇന്ത്യയിൽ കൊലപാതകവും മയക്കുമരുന്ന് കടത്തുമടക്കമുള്ള എഴുപതോളം കേസുകളിൽ പ്രതിയാണ് രാജൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.