‘ഏകഭാരതം, ശ്രേഷ്ഠഭാരതം’; സംസ്ഥാനങ്ങള്‍ തമ്മില്‍ അടുത്തറിയാന്‍ കേന്ദ്രപദ്ധതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ തമ്മില്‍ ഭാഷയും സംസ്കാരവും കൈമാറുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നു. ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്നപേരിലുള്ള പദ്ധതി വൈകാതെ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മില്‍ മനസ്സിന്‍െറ ഇഴയടുപ്പം വളര്‍ത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കുന്നതിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഓരോവര്‍ഷവും ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തെ തെരഞ്ഞെടുത്ത് സാംസ്കാരികസമ്പര്‍ക്കം സ്ഥാപിക്കും. ഹരിയാന തമിഴ്നാടിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആ വര്‍ഷം ഹരിയാനയിലെ സ്കൂളുകളില്‍ തമിഴ്ഭാഷാ പാഠങ്ങള്‍ നല്‍കും. ഒരു തമിഴ് ഗാനം, 100 തമിഴ് വാചകങ്ങള്‍ എന്നിങ്ങനെയായിരിക്കും ഭാഷാപഠനം. തമിഴ് ഭക്ഷ്യമേള, തമിഴ്നാട്ടിലേക്ക് പഠന, വിനോദയാത്ര എന്നിവയുമുണ്ടാകും. തമിഴ്നാട്ടിലെ സ്കൂളുകളില്‍ ഹിന്ദിപഠനവും ഹരിയാന ഭക്ഷ്യമേളയും ഹരിയാനയിലേക്ക് തമിഴ്നാട്ടുകാരുടെ യാത്രയുമുണ്ടാകും.
സംസ്ഥാനങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. രാമേശ്വരത്തുനിന്ന് ഡല്‍ഹിയിലേക്ക് ആദ്യ ട്രെയിന്‍ യാത്രയാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിച്ചതെന്ന് മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം പറഞ്ഞിട്ടുണ്ടെന്നും മോദി തുടര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.