മുംബൈ: ജവഹര്‍ലാല്‍ നെഹ്റുവിനെയും സോണിയ ഗാന്ധിയെയും അപകീര്‍ത്തിപ്പെടുത്തി കോണ്‍ഗ്രസ് പ്രസിദ്ധീകരണത്തില്‍ ലേഖനം വന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ നിക്ഷിപ്തതാല്‍പര്യക്കാരാണെന്ന് മുംബൈ കോണ്‍ഗ്രസ് നേതൃത്വം. വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതും വിവാദമാക്കിയതും സിറ്റി യൂനിറ്റിനുള്ളിലെ അട്ടിമറി ലക്ഷ്യമിടുന്നവരാണെന്ന് മുംബൈ റീജനല്‍ കോണ്‍ഗ്രസ് കമ്മിറ്റി (എം.ആര്‍.സി.സി) വക്താവ് അനന്ത് ഗാഡ്ഗില്‍ പറഞ്ഞു. നെഹ്റുവിനെയും സോണിയെയുംകുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ലേഖനം ‘കോണ്‍ഗ്രസ് ദര്‍ശന്‍’ പ്രസിദ്ധീകരിച്ചതിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവരുടെ ഗൂഢാലോചന സംശയിക്കുന്നതായും ഇക്കാര്യം ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും എം.ആര്‍.സി.സി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, മുംബൈ ഘടകം നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും ഇപ്പോള്‍ അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന എ.ഐ.സി.സി നേതാവ് പറഞ്ഞു. എഡിറ്റോറിയല്‍ കണ്ടന്‍റ് കോഓഡിനേറ്ററെ നീക്കിയിട്ടുണ്ടെന്നും വിഷയം അവിടംകൊണ്ട് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നെഹ്റുവും പട്ടേലും തമ്മില്‍ ശത്രുതാമനോഭാവം പുലര്‍ത്തിയിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അനന്ത് ഗാഡ്ഗില്‍ പറഞ്ഞു. പട്ടേല്‍ പറയുന്നത് കേള്‍ക്കാന്‍ നെഹ്റു തയാറായിരുന്നെങ്കില്‍ കശ്മീര്‍, ചൈന, തിബത്ത്, നേപ്പാള്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ളെന്നും സോണിയ ഗാന്ധിയുടെ പിതാവ് ഫാഷിസ്റ്റ് സേനയില്‍ അംഗമായിരുന്നെന്നും മറ്റുമായിരുന്നു ലേഖനത്തിലെ പരാമര്‍ശങ്ങള്‍. എം.ആര്‍.സി.സി അധ്യക്ഷനും എഡിറ്ററുമായ സഞ്ജയ് നിരുപം സംഭവത്തില്‍ മാപ്പുചോദിക്കുകയും എഡിറ്റോറിയല്‍ കണ്ടന്‍റ് കോഓഡിനേറ്റര്‍ സുധീര്‍ ജോഷിയെ പുറത്താക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.