200 ഹെലികോപ്ടറുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ –റഷ്യ  കരാര്‍

ന്യൂഡല്‍ഹി: കാലാവധി അവസാനിക്കുന്ന ചീറ്റ, ചേതക് ഹെലികോപ്ടറുകള്‍ക്ക് പകരമായി 200 കമോവ് 226 ടി ലൈറ്റ് ഹെലികോപ്ടറുകള്‍ നിര്‍മിക്കാന്‍ റഷ്യയുടെ റോസ്ടെക് സ്റ്റേറ്റ് കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി കരാറിലത്തെി. മേക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഹെലികോപ  ്ടര്‍ നിര്‍മാണത്തിന് 6636 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മേക് ഇന്ത്യ പദ്ധതിയില്‍ ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ ചേര്‍ന്നുള്ള ആദ്യത്തെ ഹൈടെക് സംയുക്ത സംരംഭമാണിത്. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോസ്കോ സന്ദര്‍ശനത്തിനിടെ ഹെലികോപ്ടര്‍ നിര്‍മാണരംഗത്ത് റഷ്യ-ഇന്ത്യ സഹകരണമുറപ്പാക്കുന്ന കരാര്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ പ്രകാരം ഇന്ത്യയില്‍ 200 എണ്ണത്തില്‍ കുറയാതെ റഷ്യന്‍ കാമോവ് ഹെലികോപ്ടറുകള്‍ നിര്‍മിക്കുമെന്ന് റോസ്റ്റിക് സി.ഇ.ഒ സെര്‍ജി ഷെമെസോവ് പറഞ്ഞു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍െറ ഹെലികോപ്ടര്‍ നിര്‍മാണശാല ഞായറാഴ്ച കര്‍ണാടകയിലെ തുംകൂറില്‍ മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പുതിയ കരാര്‍. ഭാവിയില്‍ ഇവിടെവെച്ച് കമോവ് പോലുള്ള അത്യാധുനിക ഹെലികോപ്ടറുകള്‍ നിര്‍മിക്കാനാകും. 
ടെന്‍ഡര്‍ അഴിമതിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ 197 ലഘു ഉപയോഗ ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള പദ്ധതി പ്രതിരോധ മന്ത്രാലയം ഉപേക്ഷിച്ചിരുന്നു. 
സിയാച്ചിന്‍ പോലുള്ള  ഉയര്‍ന്ന മേഖലകളില്‍ പട്ടാളക്കാരുടെ യാത്രക്കുപയോഗിക്കുന്നവയാണ് ചീറ്റ, ചേതക് ഹെലികോപ്ടറുകള്‍. ഇവയിലധികവും 40 വര്‍ഷത്തോളം പഴക്കമുള്ളവയാണെന്ന് സി.എ.ജി പാര്‍ലമെന്‍റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇവക്കുപകരമാണ് ഇനി കമോവ് ഹെലികോപ്ടറുകള്‍ എത്തുക. 
പഴയ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നതിനെതിരെ സൈനികരുടെ ഭാര്യമാര്‍ ഡല്‍ഹിയില്‍ പ്രതിഷേധ റാലിയുള്‍പ്പെടെ നടത്തിയിരുന്നു. തുടക്കത്തില്‍ 200 ഹെലികോപ്ടറുകള്‍ നിര്‍മിക്കാനാണ് കരാറെങ്കിലും പിന്നീട് എണ്ണം വര്‍ധിപ്പിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.