ജനിതകവിള: ഉന്നത സമിതി വഞ്ചിച്ചെന്ന് സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: ജനിതകവിള പരീക്ഷണത്തിന് അനുമതി നല്‍കുന്ന ഉന്നത സമിതി സുപ്രീംകോടതി നിര്‍ദേശങ്ങളെ അവമതിക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഹരജി. ജനിതകമാറ്റം വരുത്തിയ ഡി.എം.എച്ച് 11 എന്ന പേരിലെ കടുകിന് പരീക്ഷണ അനുമതി നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി ജി.എം വിളകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അഡ്വ. അരുണ റോഡ്രിഗ്വസ് ആണ് ജനിറ്റിക് എന്‍ജിനീയറിങ് അപ്രൈസല്‍ കമ്മിറ്റി (ജി.ഇ.എ.സി) അധ്യക്ഷന്‍ ഹേം പാണ്ഡേ, രണ്ട് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ജനിതക മാറ്റം വരുത്തിയ കടുക്  വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നതിനിടെയാണിത്.
ഡല്‍ഹി സര്‍വകലാശാലയുടെ ജനിതക പരീക്ഷണ വിഭാഗമാണ് അനുമതി നേടിയത്. ഇത്തരം അനുമതി നല്‍കും മുന്‍പ് ജൈവസുരക്ഷാ പരിശോധന, ആഘാത വിശകലനം എന്നിവ രണ്ടു ഘട്ടമായി നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ വ്യവസ്ഥ ചെയ്തിരുന്നു. ഈ പെരുമാറ്റച്ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ളെന്ന് ഹരജിക്കാരി ആരോപിക്കുന്നു. മാറ്റംവരുത്തിയ കടുകിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍നിന്നും ശാസ്ത്രസമൂഹത്തില്‍നിന്നും മറച്ചുവെച്ചതിലും ദുരൂഹതയുണ്ട്.
വിള പരീക്ഷണം നടത്തുമ്പോള്‍ മറ്റുള്ളവയിലേക്ക് കലരുകയില്ല എന്നുറപ്പുവരുത്താന്‍ മികച്ച ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സംവിധാനങ്ങളൊരുക്കണമെന്ന സുപ്രധാന വ്യവസ്ഥയും പാലിച്ചിട്ടില്ല.  കാര്‍ഷിക വൈവിധ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിലനല്‍കാതെ വാണിജ്യ-കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അധികൃതര്‍ വഴങ്ങുകയാണ് അധികൃതരെന്നും അരുണ ആരോപിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.