ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിനടുത്ത് ദ്വാരകയില്‍ അതിര്‍ത്തിരക്ഷാ സേനയുടെ (ബി.എസ്.എഫ്) സൂപ്പര്‍ കിങ് ചെറുവിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. ബി.എസ്.എഫിന്‍െറ എട്ട് വിമാന എന്‍ജിനീയര്‍മാരും രണ്ടു പൈലറ്റുമാരുമാണ് മരിച്ചത്. തകരാറിലായ ബി.എസ്.എഫ് ഹെലികോപ്ടര്‍ നന്നാക്കാന്‍ റാഞ്ചിയിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 9.50നായിരുന്നു സംഭവം. ഡല്‍ഹി വിമാനത്താവളത്തിന്‍െറ ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് പറന്നുയര്‍ന്ന് അഞ്ചു മിനിറ്റിനകം സാങ്കേതിക തകരാറിലായ വിമാനം തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലും റണ്‍വേയുടെ മതിലിലും ഇടിക്കുകയായിരുന്നു. മതിലില്‍ തട്ടി തീപിടിച്ച വിമാനം സമീപ മലിനജല ശുദ്ധീകരണ പ്ളാന്‍റിലേക്ക് പതിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും അറിയിച്ചു.
ഡല്‍ഹി വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന സീനിയര്‍ ഓഫിസര്‍മാരായ ക്യാപ്റ്റന്‍ പ്രശാദ്, ക്യാപ്റ്റന്‍ രാജേഷ് ജിര്‍വിന്‍, ഡെപ്യൂട്ടി കമാന്‍ഡന്‍റ് ദിലീപ് കുമാര്‍ എന്നിവരടക്കം 10 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് ബി.എസ്.എഫ് പി.ആര്‍.ഒ വി.എന്‍. പരാശര്‍ പറഞ്ഞു.
ശീതകാലമായതിനാല്‍ ഡല്‍ഹിയില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞ് പതിവാണ്. ഇതുമൂലം തിരിച്ചിറക്കുമ്പോള്‍ റണ്‍വേ കാണാന്‍ പൈലറ്റിന് സാധിക്കാതെപോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വിമാനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍തന്നെ സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് ക്യാപ്റ്റന്‍ ഭഗവതി പ്രസാദ് ചൂണ്ടിക്കാണിച്ചെങ്കിലും അത് അവഗണിച്ച ബി.എസ്.എഫ് എന്‍ജിനീയര്‍മാര്‍ വിമാനം പറത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു$ഖം രേഖപ്പെടുത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതം ധനസഹായം ബി.എസ്.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.