ചെന്നൈ പ്രളയം: ജലാശയ തീരത്തെ കൈയേറ്റം ഒഴിപ്പിച്ചുതുടങ്ങി

ചെന്നൈ: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നദി, തടാകം, കനാൽ തീരങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ചുതുടങ്ങി. ജലാശയങ്ങളുടെ യഥാർഥ വിസ്തൃതി പുന$സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ അടിയന്തരനിർദേശം നൽകുകയായിരുന്നു.  
പ്രളയത്തിൽ വൻദുരന്തമുണ്ടായ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലാണ് ഒഴിപ്പിക്കൽ.

ഈ ജില്ലകളിലെ പ്രധാനനദികളായ അഡയാർ, കൂവം, പലാർ, വേഗാവതി തീരങ്ങളിൽ നിർമാണം ദിവസങ്ങൾക്കകം പൊളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളത്തിന് ആശ്രയിക്കുന്ന തടാകങ്ങളുടെ തീരത്തെ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നുണ്ട്. ചെന്നൈയിലെ പ്രധാന ജലസംഭരണികളായ ചെമ്പരമ്പാക്കം, ഷോളാവരം, പൊരൂർ തീരങ്ങളിലെ അനധികൃത നിർമാണങ്ങളും നീക്കും. പ്രളയം രൂക്ഷമായ കടലൂർ ഉൾപ്പെടെ മറ്റ് ജില്ലകളിലും ഒഴിപ്പിക്കലുണ്ടാകും.

ജലാശയങ്ങൾക്ക് മേലുള്ള കൈയേറ്റം തടയണമെന്ന് മദ്രാസ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ നടന്ന കൈയേറ്റം ഒഴിപ്പിക്കപ്പെടുമ്പോൾ വൻകിട കോർപറേറ്റുകളുടെ നീരസം ജയലളിത സർക്കാറിനെ അലട്ടുന്നുണ്ട്. അഡയാർ, കൂവം നദികളുടെ തീരങ്ങളിൽ കുടിൽകെട്ടി താമസിക്കുന്ന പതിനായിരങ്ങളുടെ പ്രതിഷേധവും സർക്കാറിന് തലവേദനയാകും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.