മുംബൈ: പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്‍റെയും കൊലപാതകം നടത്തിവരെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പൊലീസ്. ഹേമ ചിത്രങ്ങൾ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ചാർകോപ് വെയർഹൗസ് ഉടമ ഗോട്ടുവാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ച് ലക്ഷം രൂപ പങ്കു വെക്കുന്നതിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
വെയർഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ഊർജിത ശ്രമം നടത്തുന്നുണ്ട്. ഇതിനായി രൂപീകരിച്ച മൂന്ന് അന്വേഷണസംഘങ്ങളിൽ രണ്ടെണ്ണം മഹാരാഷ്ട്രക്ക് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഗോട്ടുവിന്‍റെ ഡ്രൈവറേയും രണ്ടു സഹായികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച അവസാന കോളുകൾ ചാർകോപ് വെയർഹൗസിനും കാണ്ഡിവാലിക്കും ഇടയിലുള്ള ടവറിലായിരുന്നു. വെള്ളിയാഴ്ച 8.30നോടടുത്ത് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു.
പ്രതിയെക്കുറിച്ചുള്ള സൂചന നൽകിയത് മുംബൈയിലെ ട്രക്ക് ഡ്രൈവറാണ്. ഇദ്ദേഹമായിരുന്നു പ്രതികളെ മൃതദേഹങ്ങളടങ്ങിയ പെട്ടികളടക്കം മാലിന്യം തള്ളുന്ന സ്ഥലത്തെത്തിച്ചത്. പ്രതികൾ കുറച്ച് മാലിന്യം തള്ളാനുണ്ടെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി തന്നെ സമീപിക്കുകയായിരുന്നു എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിറ്റേന്ന് പത്രം വായിച്ചപ്പോഴാണ് തന്‍റെ ട്രക്കിൽ കയറ്റിയത് മൃതദേഹങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. അപ്പോൾത്തന്നെ വിവരം ട്രക്ക് ഉടമസ്ഥൻ വഴി പൊലീസിനെ അറിയിച്ചു. ഇയാൾ നൽകിയ വിവരങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. കേസിൽ ഡ്രൈവറായിരിക്കും മുഖ്യസാക്ഷി.
ശനിയാഴ്ച വൈകീട്ടാണ് ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൃതദേഹങ്ങൾ മുംബൈ കാണ്ഡിവിലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം ചരടുകൊണ്ട് കെട്ടിയാണ്കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കിയത്. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. ധനൂകര്‍ വാഡി പ്രദേശത്തെ ശ്മശാനത്തിന് സമീപമുള്ള അഴുക്കുചാലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടി കണ്ട തൂപ്പുകാരനാണ് പൊലീസിനെ വിവരമറിയിച്ചത്.
കേന്ദ്ര ലളിതകലാ അക്കാദമി, ഗുജറാത്ത് ലളിതകലാ അക്കാദമി എന്നിവയുടേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രകാരിയും കൺടെംപററി ആർടിസ്റ്റുമാണ് ഹേമ ഉപാധ്യായ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.