മുംബൈ: പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായയെയും (42) അവരുടെ അഭിഭാഷകൻ ഹരീഷ് ബംബാനിയെയും (65) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുംബൈയിലെ കാണ്ഡിവലിയിലെ ഒരു അഴുക്കുചാലിൽ കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചരടുകൊണ്ട് കൂട്ടിക്കെട്ടിയാണ് മൃതദേഹങ്ങൾ പെട്ടിക്കുള്ളിലാക്കിയതെന്ന് പൊലീസ് അറിയിച്ചു. ജഡം വിശദമായ പരിശോധനക്ക് അയച്ചു.
ധാനൂക്കർ വാഡി പ്രദേശത്തെ ശ്മശാനത്തിനടുത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അവിടെ വൃത്തിയാക്കുകയായിരുന്ന തൂപ്പുകാരനാണ് സംശയാസ്പദമായ സാഹചര്യത്തിൽ പെട്ടി കണ്ടതായി പൊലീസിനെ അറിയിച്ചത്. കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ വിക്രം ദേശ്മാനെ അറിയിച്ചു. ആന്തരികാവയവ പരിശോധനക്കുശേഷം മരണത്തിൻെറ യഥാർഥ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ലളിതകലാ അക്കാദമിയുടെയും കേന്ദ്ര ലളിത കലാ അക്കാദമിയുടെയും പുരസ്കാരങ്ങൾ നേടിയ ഹേമ ഉപാധ്യായയുടെ ചിത്രങ്ങൾ റോമിലെ മാക്രോ മ്യൂസിയത്തിലടക്കം പ്രദർശിപ്പിച്ചിട്ടുണ്ട്. മാനവവിഭവശേഷി വകുപ്പിൽ നിന്ന് ദേശീയ സ്കോളർഷിപ്പും സ്വന്തമാക്കിയിരുന്നു.
ഹേമ ഉപാധ്യായ വെള്ളിയാഴ്ച രാത്രി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുജോലിക്കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.