ചേരി പൊളിച്ചു നീക്കുന്നതിനിടെ കുഞ്ഞ് മരിച്ചു; കെജ്രിവാളും കേന്ദ്രവും ഏറ്റുമുട്ടലിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ചേരിയിലെ വീടുകള്‍ പൊളിക്കുന്നതിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ചേരി പൊളിച്ച റെയില്‍വെ പൊലീസിന്‍റെ നടപടിയോടെ ഡല്‍ഹി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തമ്മില്‍ പുതിയ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നു.  പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തി ചേരിയിലെ 500 കുടിലുകള്‍ ആണ് ശനിയാഴ്ച അര്‍ധരാത്രി പൊലീസ് തകര്‍ത്തത്. കടുത്ത മഞ്ഞിലേക്കാണ് കുട്ടികള്‍ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് പൊലീസ് ഇറക്കിവിട്ടത്. വീടുകള്‍ പൊളിക്കുന്നതിനിടെ, ജനല്‍ കട്ടിള ദേഹത്തുവീണ് ആറു വയസ്സുള്ള കുഞ്ഞ് മരിച്ചതോടെ സംഭവം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. ജനരോഷത്തെ തുടര്‍ന്ന് കടുത്ത നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തത്തെി.  രണ്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെയും  ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും സസ്പെന്‍റ് ചെയ്തു.  ചേരി നിവാസകള്‍ക്ക് മതിയായ ഭക്ഷണമോ താമസ സ്ഥലമോ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ നടപടി. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഈ സ്ഥലം അനധികൃതമായി കയ്യേറിയതാണെന്ന് ചൂണ്ടിക്കാണിച്ചാണ് റെയില്‍വെ പൊലീസ് കുടിലുകള്‍ നീക്കിയത്. മൂന്ന് തവണ ഇവര്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നതായും 2015 മാര്‍ച്ച് 14 ആയിരുന്നു അവസാന തിയ്യതിയെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ മരണം സംഭവിച്ചത് കുടിലുകള്‍ പൊളിച്ചു നീക്കുന്നതിനിടെയല്ല എന്ന വാദത്തോടെ ഡല്‍ഹി റെയില്‍വെ ഡിവിഷണല്‍ മാനേജറും രംഗത്തു വന്നു. റെയില്‍പാത വികസനത്തിന്  ഇവരുടെ കയ്യേറ്റങ്ങള്‍ തടസ്സം നില്‍ക്കുന്നുവെന്നും അരുണ്‍ അറോറ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.