ചെന്നൈ പ്രളയം: റെയില്‍വേക്ക് 115 കോടിയുടെ നഷ്ടം

ചെന്നൈ: ചെന്നൈ പ്രളയത്തില്‍ ദക്ഷിണ റെയില്‍വേയുടെ നഷ്ടം 115 കോടി. പാളങ്ങള്‍ വെള്ളത്തിലാവുകയും പാലങ്ങള്‍ തകര്‍ന്നതും മൂലം 140 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതില്‍ കേരളത്തിലേക്കുളള 70 ദീര്‍ഘദൂര ട്രെയിനുകളും ഉള്‍പ്പെടും. ട്രെയിനുകള്‍ റദ്ദാക്കിയതിലൂടെ 90 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി ചെലവഴിച്ചു. സൈദാപേട്ട്-ഗിണ്ടി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മധ്യേയുള്ള അഡയാര്‍ നദിക്ക് കുറുകെ കടന്നുപോകുന്ന പാളത്തില്‍ കാര്യമായ അറ്റകുറ്റപ്പണി വേണ്ടിവന്നു. വെള്ളപ്പൊക്കത്തത്തെുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ യാത്രാ ഇനത്തില്‍ മാത്രം റെയില്‍വേ തിരിച്ചുനല്‍കിയത് 30 കോടിയാണ്. ചരക്കുനീക്കത്തിലെ തുകകൂടി കണക്കാക്കിയാല്‍ ഡിസംബറില്‍ നഷ്ടം 200 കോടി കവിയും. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ആറുലക്ഷം യാത്രക്കാര്‍ക്കാണ് ടിക്കറ്റ് തുക മടക്കിനല്‍കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ യാത്രചെയ്യേണ്ടിയിരുന്നവര്‍ക്ക് ക്ളറിക്കല്‍ തുക ഒഴിച്ച് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ റെയില്‍വേ ഇളവു വരുത്തിയിരുന്നു. അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ഇനത്തില്‍ 6000 യാത്രക്കാര്‍ക്ക് 20 ലക്ഷം രൂപ തിരിച്ചുനല്‍കിയിരുന്നു.
പ്രളയ ദിനങ്ങളില്‍ നഗരത്തിന് പുറത്തുനിന്ന് ഓടിയ പ്രത്യേക ട്രെയിനുകളില്‍ 50,000 പേരെ നാടുകളിലത്തെിച്ചു. ജീവനക്കാരുടെയും സര്‍ക്കാര്‍ ഇതര സംഘടനകളുടെയും നേതൃത്വത്തില്‍ 30,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല- ഹൈകോടതി
ചെന്നൈ: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലാത്തത് ആശങ്കയുളവാക്കുന്നതായി മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണം. നിരവധി ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വ്യാപക പരാതികളുണ്ടെന്ന് പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് പുഷ്പസത്യനാരായണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എ.പി. സൂര്യപ്രകാശാണ് കോടതിയെ സമീപിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സൈനിക വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നതിനാല്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ അഭിപ്രായം തേടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 15ന് മുമ്പ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍  ഊര്‍ജിതമായി  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT