അഭിപ്രായ സ്വാതന്ത്ര്യം അധികാരത്തിലുള്ളവരുടെ ഇംഗിതമല്ല –ജലാലുദ്ദീന്‍ ഉമരി

ഹൈദരാബാദ്: ജമാഅത്തെ ഇസ്്ലാമി ഹിന്ദ് അംഗങ്ങളുടെ  നാലുദിവസം നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യ സമ്മേളനത്തിന് ഹൈദരാബാദിലെ വാദിഹുദയില്‍ പ്രൗഢ തുടക്കം. ‘ജമാഅത്തെ ഇസ്്ലാമിയും സമകാലിക സാമൂഹിക സാഹചര്യങ്ങളിലെ നയനിലപാടുകളും’ വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍െറ ഉദ്ഘാടനം അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി നിര്‍വഹിച്ചു.  രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആര്‍ക്കുമാകില്ളെന്നും അത് നിലകൊള്ളുന്നത് ഭൂരിപക്ഷത്തിന്‍െറ കാരുണ്യത്തിലോ അധികാരത്തിലിരിക്കുന്നവരുടെ ഇംഗിത പ്രകാരമോ അല്ളെന്നും അദ്ദേഹം പറഞ്ഞു.
‘കരുത്താര്‍ജിക്കുന്ന ഫാഷിസത്തിനെതിരെ പ്രതിരോധം അനിവാര്യമാണ്. ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതനിരപേക്ഷതയെ ശക്തിപ്പെടുത്തി മാത്രമേ ഫാഷിസത്തെ ചെറുക്കാനാകൂ. ഐ.എസ് പോലുള്ള ഭീകരവാദ സംഘങ്ങള്‍ ഇസ്്ലാമിനെ പ്രതിനിധാനംചെയ്യുന്നില്ല. മുസ്്ലിംസമൂഹം സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിത നിലപാടിലൂടെ ഇസ്്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കണം. 80 ശതമാനം വരുന്ന ഹൈന്ദവ സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി അസഹിഷ്ണുതക്കെതിരായ മുന്നണി കെട്ടിപ്പെടുക്കണം.
ഇതിനായി ജമാഅത്ത് അംഗങ്ങളും പ്രവര്‍ത്തകരും മുന്‍കൈയെടുക്കണം’ -അദ്ദേഹം ആഹ്വാനം ചെയ്തു. ജമാഅത്ത് അഖിലേന്ത്യ സെക്രട്ടറി ജനറല്‍ എന്‍ജി. മുഹമ്മദ് സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന ജനറല്‍ കണ്‍വീനര്‍ മുജ്്തബാ ഫാറൂഖ് സ്വാഗതം പറഞ്ഞു.
 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പതിനായിരത്തിലധികം അംഗങ്ങളാണ് പങ്കെടുക്കുന്നത്. 25ലധികം ഉപവിഷയങ്ങളില്‍ ചര്‍ച്ചകളും ആശയസമാഹരണവും നടക്കുന്ന സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം സമാപിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.