ഐ.എസ് ഭീതിപരത്തി കുടുക്കാന്‍ ശ്രമം; മുസ്ലിം യുവാക്കള്‍ കരുതിയിരിക്കണമെന്ന് മജ് ലിസ്

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഐ.എസ് ഇന്ത്യയില്‍ സാന്നിധ്യമുണ്ടാക്കുന്നുവെന്നു പ്രചരിപ്പിച്ച് ‘ഭീകരവാദ രാഷ്ട്രീയം’ കളിക്കാനും മുസ്ലിംയുവാക്കളെ കൂട്ടമായി തുറുങ്കിലടക്കാനും ശ്രമം നടക്കുന്നതായി മുസ്ലിംസംഘടനകളുടെ സംയുക്ത വേദിയായ അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ. ഐ.എസിനോട് അനുഭാവമില്ളെന്നും അല്‍ഖാഇദയെപ്പോലുള്ള സംഘടനകള്‍ രാജ്യത്ത് കടന്നുകയറാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും മുസ്ലിം സംഘടനകള്‍ തുറന്നുപറഞ്ഞതാണ്. എന്നാല്‍,  സുരക്ഷാ ഏജന്‍സികളില്‍നിന്ന് ചോര്‍ത്തുന്ന വിവരങ്ങള്‍ ശരിയോ എന്നു പരിശോധിക്കാതെ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഐ.എസ് ഇന്ത്യയിലില്ളെന്ന് കേന്ദ്രസര്‍ക്കാറും കശ്മീരില്‍ സാന്നിധ്യമില്ളെന്ന് സൈനിക വക്താവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരത്തുന്നതിനു പിന്നില്‍ ഗൂഢനീക്കമുണ്ടെന്ന്  മജ്ലിസ് അഖിലേന്ത്യ പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായത്തിനു നേരെ സംശയവും ഭീതിയും പരത്താനും കഴിഞ്ഞ എന്‍.ഡി.എ, ഒന്നാം യു.പി.എ സര്‍ക്കാറുകളുടെ നാളുകളിലെന്നപോലെ മുസ്ലിംയുവാക്കളെ കൂട്ടമായി തുറുങ്കിലടക്കാനുമുള്ള കളമൊരുക്കമാണ് നടക്കുന്നതെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു.
ഈ നീക്കത്തെ മുസ്ലിംസമുദായം കരുതിയിരിക്കണമെന്നും ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രമേയം മുന്നറിയിപ്പു നല്‍കി.
ഐ.എസ്, അല്‍ഖാഇദ, ബോകോ ഹറാം, ലശ്കര്‍ തുടങ്ങിയ സംഘടനകളെ സൃഷ്ടിക്കുകയും സഹായിക്കുകയും ചെയ്യുന്ന ശക്തികളെ കണ്ടത്തെി ഇല്ലായ്മ ചെയ്യണം.
എന്നാല്‍, സ്വരാജ്യം എന്ന ജന്മാവകാശത്തിന് പൊരുതുന്ന ഫലസ്തീനിലും മറ്റുമുള്ള പോരാളികളെ ഭീകരരെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. അധിനിവേശത്തിനെതിരായ അവരുടെ സമരം അന്താരാഷ്ട്ര നിയമങ്ങള്‍പോലും അംഗീകരിക്കുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.