ബംഗളൂരു: അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ലോകായുക്ത വൈ. ഭാസ്കര്‍ റാവു രാജിവെച്ചു. ലോകായുക്ത രജിസ്ട്രാര്‍ ചുമതല വഹിക്കുന്ന എന്‍.എസ്. ബാലകൃഷ്ണ മുഖേന തിങ്കളാഴ്ച രാജിക്കത്ത് ഗവര്‍ണര്‍ വജുഭായ് വാലക്ക് കൈമാറിയിരുന്നു. രാജി സ്വീകരിച്ചതായി ചൊവ്വാഴ്ച ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
ലോകായുക്തയെ പുറത്താക്കുന്നതിന് നിയമസഭ പാസാക്കിയ പ്രമേയം കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസിന് കൈമാറാനിരിക്കെയാണ് രാജി. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് 135 ദിവസം അവധിയിലായിരുന്നു. ലോകായുക്ത ഓഫിസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ മകന്‍ വൈ. അശ്വിന്‍ റാവുവിന് പങ്കുള്ളതായി തെളിഞ്ഞതു മുതല്‍ രാജിയാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും രംഗത്തുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ അവധിയില്‍ പ്രവേശിച്ച അദ്ദേഹം ഹൈദരാബാദിലായിരുന്നു താമസം. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ലോകായുക്ത ഓഫിസ് കേന്ദ്രീകരിച്ച് സംഘം പണം തട്ടുന്നുവെന്ന കേസില്‍ അശ്വിന്‍ റാവു ഉള്‍പ്പെടെ നാലു പേരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ലോകായുക്തയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി റെയ്ഡില്‍നിന്ന് ഒഴിവാക്കുന്നതിന് വന്‍തുക ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.