ചെന്നൈ പ്രളയം: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം തേടി ഹരജി

ചെന്നൈ: പ്രളയ മേഖലകളില്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ചെന്നൈയിലെ അഭിഭാഷകനായ എം.പി സൂര്യപ്രകാശാണ് പരാതി നല്‍കിയത്. സന്നദ്ധപ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളും മറ്റും പിടിച്ചെടുത്ത് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കറുകള്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് അഭിഭാഷകന്‍ അറിയിച്ചു.
മൂക-ബധിര വിദ്യാര്‍ഥികള്‍ക്ക് ദുരിതാശ്വാസ സാധനങ്ങളുമായി വന്ന സന്നദ്ധ പ്രവര്‍ത്തകരെ ഏതാനും ഗുണ്ടകള്‍ തടഞ്ഞ് സാധനങ്ങള്‍ തങ്ങള്‍ക്ക് കൈമാറിയില്ളെങ്കില്‍ തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.  ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഒരു സംവിധാനവുമില്ലാത്തതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്.  അര്‍ഹരായവര്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നത് ഉറപ്പാക്കാന്‍ പ്രത്യേക സമിതികള്‍ ഉപകാരപ്പെടുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.