‘കൊച്ചു സുന്ദരികൾ’ ഫേസ്ബുക്ക് പേജ്: സുപ്രീംകോടതി റിപ്പോർട്ട് തേടി

ന്യൂഡൽഹി: കുട്ടികൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി ലൈംഗിക പരാമർശങ്ങൾ നടത്തുന്ന സംഭവത്തിൽ സുപ്രീംകോടതി റിപ്പോർട്ട് തേടി. സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണൻ നൽകിയ ഹരജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി റിപ്പോർട്ട് തേടിയത്. ‘കൊച്ചു സുന്ദരികൾ’ എന്ന പേരിൽ തുടങ്ങിയ ഫേസ്ബുക്ക് പേജ് വഴിയാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒാൺലൈൻ പെൺവാണിഭം നടന്നത്. ഈ ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടിയാണ് സുനിത കൃഷ്ണൻ സുപ്രീംകോടതിയെ സമീപിച്ചത്.

'കൊച്ചു സുന്ദരികൾ' എന്ന ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ടു കേരളത്തിൽ നടക്കുന്ന കേസുകളുടെ പൂർണ വിവരങ്ങൾ സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. ഇത്തരത്തിൽ കുട്ടികൾക്കെതിരെ ലൈംഗിക പ്രവർത്തനങ്ങൾ നടത്തുന്നത് തടയാൻ വ്യക്തമായ സംവിധാനം വേണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് സുപ്രീംകോടതി നിർദേശം നൽകി.

‘കൊച്ചു സുന്ദരികൾ’ എന്ന ഫേസ്ബുക്ക് പേജ് വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായും കണ്ടെത്തിനെ തുടർന്നാണ് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. മാസങ്ങളോളം പ്രതികളുടെ ഫേസ്ബുക്ക് പോസ്റ്റുകളും പദ്ധതികളും പിന്തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയ ശേഷമായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ റെയ്ഡും അറസ്റ്റും.

പെൺവാണിഭ കേസിൽ ചുംബന സമരത്തിന് മുന്‍നിരയിലുണ്ടായിരുന്ന ദമ്പതികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.