ന്യൂഡൽഹി: പുഞ്ചിരിത്തണുപ്പുള്ള പകലും ഹേമന്ദരാത്രികളും മോഹിച്ച് പ്രിയപ്പെട്ടവരേ ഡൽഹിയിലേക്കിപ്പോൾ വരാതിരിക്കുക. അന്തരീക്ഷം മുഴുവൻ വിഷം മാത്രം. ലോക ആരോഗ്യ സംഘടനയുടെ പട്ടികപ്രകാരം കടുത്ത ശ്വാസകോശരോഗങ്ങൾക്കും മരണത്തിനുപോലും വഴിവെക്കുന്നത്ര വിഷമാലിന്യം കലർന്ന വായു ഏറ്റവുമധികമുള്ളത് നമ്മുടെ തലസ്ഥാന നഗരിയിലാണ്. വായു നിലവാരസൂചികയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വിഷപ്പുകയുടെ തോത് 999 ആണ്. 150 പോയൻറിൽ കൂടിയാൽ അനാരോഗ്യകരമെന്നും 350–500 തോത് അപകടകരമെന്നും വിലയിരുത്തുന്ന കണക്കുപ്രകാരം ആരോഗ്യ അടിയന്തരാവസ്ഥയിലാണ് നഗരം.
വാഹനങ്ങളും ഫാക്ടറികളും തള്ളുന്ന വിഷപ്പുകയെ പുറത്തുകളയാനും ഒരൽപം ശുദ്ധവായു കോരിയെടുക്കാനും ഇടയില്ലാത്തതാണ് പ്രശ്നം അതിഗുരുതരമാക്കുന്നത്. ശൈത്യകാല കൃഷിക്കായി സമീപ സംസ്ഥാനങ്ങളിലെ കർഷകർ വയലുകൾക്ക് തീയിടുമ്പോഴും ശ്വാസംമുട്ടുന്നത് ഡൽഹിക്ക്. സർജിക്കൽ മാസ്കുകൾ ധരിച്ചും ഷാളുകൾകൊണ്ട് മുഖം മൂടിയും നടന്നാൽപോലും തടയാനാവാത്തത്ര വിഷപദാർഥങ്ങളാണ് വായുവിൽ പടരുന്നത്. ഡെങ്കിപ്പനി വരുത്തിയ ക്ഷീണത്തിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കണ്ണുകൾക്കു ചുട്ടുനീറ്റലും ചുമയും ശ്വസനപ്രശ്നങ്ങളുമായി വീണ്ടും ആശുപത്രിവരാന്തകളിൽ തിക്കുകൂട്ടുകയാണ് ജനങ്ങൾ.
ഗുരുതരപ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ആവർത്തിച്ച് നിർദേശവും താക്കീതുകളും നൽകിയെങ്കിലും നടപടികൾ എവിടെ തുടങ്ങണമെന്നറിയുന്നില്ല സർക്കാറുകൾക്ക്. രണ്ടുകോടി രൂപ സമ്മാനം പ്രഖ്യാപിച്ച് വായു–ജല മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന മികച്ച ആശയങ്ങൾ ജനങ്ങളോട് നിർദേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അധികാരികളിപ്പോൾ. ഡൽഹി സർക്കാറിെൻറ ഉപദേശകസമിതിയായ ഡൽഹി ഡയലോഗ് കമ്മിറ്റിയും ഷികാഗോ സർവകലാശാലയുടെ അർബൻ ലാബും ചേർന്നാണ് ആശയങ്ങൾ സ്വരൂപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.