രാമക്ഷേത്രം ബോംബിട്ട് തകർക്കു​മെന്ന് മുസ്‍ലിം പേരിൽ ഭീഷണി; യു.പിയിൽ രണ്ടു പേർ അറസ്റ്റിൽ

ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മുസ്‍ലിം പേരിൽ നിർമിച്ച മെയിൽ ഐ.ഡികളിൽ നിന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എസ്.ടി.എഫ് അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷിനും ദേവേന്ദ്ര തിവാരി എന്നയാൾക്കും ഭീഷണി സ​ന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ദേവേന്ദ്ര തിവാരിയുടെ ജീവനക്കാരും ഗോണ്ട സ്വദേശികളുമായ ഓം പ്രകാശ് മിശ്ര, തഹർ സിങ് എന്നിവരെ ഉത്തർപ്രദേശ് പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) ബുധനാഴ്ച അറസ്റ്റ് ചെയ്തു.

ആലം അൻസാരി ഖാൻ (alamansarikhan608@gmail.com), സുബൈർ ഖാൻ ഐ.എസ്.ഐ (zubairkhanisi199@gmail.com) എന്നീ ഇമെയിൽ ഐഡികളാണ് ഭീഷണി പോസ്റ്റുകൾ അയക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെയിൽ ഐഡികൾ നിർമിക്കാൻ ഉപയോഗിച്ച വിവോ ടി-2, സാംസങ് ഗ്യാലക്‌സി എ-3 മൊബൈൽ ഫോണുകൾ പ്രതികളിൽനിന്ന് കണ്ടെടുത്തു. ഇമെയിലുകൾ അയച്ച സ്ഥലത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ, വൈഫൈ റൂട്ടർ എന്നിവയും പിടിച്ചെടുത്തു.

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐയിലെ ഉദ്യോഗസ്ഥൻ സുബൈർ ഖാനാണെന്ന് വ്യാജേനയാണ് ഇമെയിലുകൾ തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു.

ഭീഷണി സന്ദേശമയക്കാൻ പ്രേരിപ്പിച്ചത് പശുസംരക്ഷണ സംഘടന നേതാവ്

പശുസംരക്ഷണത്തിന് സന്നദ്ധ സംഘടന നടത്തുന്ന ദേവേന്ദ്ര തിവാരിയാണ് ഭീഷണി സന്ദേശമയക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പിടിയിലായ ഇരുവരും മൊഴി നൽകി. ഭാരതീയ കിസാൻ മഞ്ച്, ഭാരതീയ ഗൗ സേവാ പരിഷത്ത് എന്നീ സന്നദ്ധ സംഘടനകൾ നടത്തുന്ന ദേവേന്ദ്ര തിവാരിയുടെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്നാണ് പ്രതികൾ പറ​ഞ്ഞതെന്ന് എസ്.ടി.എഫ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രമേഷ് കുമാർ ശുക്ല പറഞ്ഞു.

ദേവേന്ദ്ര തിവാരിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളാണ് തഹാർ സിങ്. ഒപ്‌റ്റോമെട്രിയിൽ ഡിപ്ലോമ കഴിഞ്ഞ ഓം പ്രകാശ് മിശ്രയാകട്ടെ, തിവാരിയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് കോളജിലെ ജീവനക്കാരനും ഇയാളുടെ പേഴ്‌സണൽ സെക്രട്ടറിയുമാണ്.

മാധ്യമശ്രദ്ധയും രാഷ്ട്രീയ സ്വാധീനവും നേടുന്നതിനാണ് തിവാരി ഇത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഓഫിസിലെ വൈ-ഫൈയിൽനിന്നാണ് ഇന്റർനെറ്റ് ഉപയോഗിച്ചതെന്നും ഇമെയിലുകൾ അയച്ച ശേഷം മൊബൈൽ ഫോണുകൾ തിവാരി പറഞ്ഞതനുസരിച്ച് നശിപ്പിച്ചുവെന്നും പ്രതികൾ മൊഴി നൽകി.

Tags:    
News Summary - 2 arrested for sending bomb threats Yogi Adityanath, Ayodhya Ram temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.