ഫോൺ ഉപയോഗവും ലിപ്സ്റ്റിക്കും വിലക്കിയ മാതാവിനോടുള്ള പ്രതികാരം തീർക്കാൻ 13കാരി മെനഞ്ഞത് തട്ടിക്കൊണ്ടുപോകൽ കഥ, ആവശ്യപ്പെട്ടത് 15ലക്ഷം രൂപ

ഭോപ്പാല്‍: വഴക്കുപറഞ്ഞ മാതാവിനോടുളള പ്രതികാരം തീര്‍ക്കാന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് 13കാരി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ജബല്‍പൂരിലാണ് സംഭവം. 15 ലക്ഷം രൂപ തന്നാൽ മാത്രമേ പെൺകുട്ടിയെ തിരിച്ചയക്കൂ എന്നും എഴുതിവെച്ച് പെൺകുട്ടി വീടുവിട്ടുപോയി.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനും ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനുമെല്ലാം പെണ്‍കുട്ടിയെ മാതാവ് നിരന്തരം ശകാരിക്കുന്നത് പതിവായിരുന്നു. ഇതിന് പ്രതികാരമായി തട്ടിക്കൊണ്ടുപോയവര്‍ എഴുതിയതെന്ന വ്യാജേന ഒരു കത്ത് വീട്ടില്‍ വെച്ചത്.

'നിങ്ങളുടെ മകള്‍ ഞങ്ങളോടൊപ്പമുണ്ട്. അവളെ സുരക്ഷിതയായി തിരിച്ചുനല്‍കണമെങ്കില്‍ 15 ലക്ഷം രൂപ നല്‍കണം. ഈ വിവരം പൊലീസില്‍ അറിയിക്കാനാണ് ശ്രമമെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും' എന്നാണ് കത്തില്‍ ഉണ്ടായിരുന്നത്.

കത്ത് കണ്ട് പരിഭ്രാന്തരായ കുടുംബം ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ പെണ്‍കുട്ടിയെ സദര്‍ മേഖലയില്‍ താന്‍ ഇറക്കിവിട്ടതായി ഓട്ടോ ഡ്രൈവര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം സദറിലെ ഏഴാം നമ്പര്‍ ലെയ്‌നില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

നിരന്തരമുളള അമ്മയുടെ ശകാരത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടി ഒരു വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ പറഞ്ഞത്. ഒരു മാസം ആരേയും ആശ്രിയിക്കാതെ ജീവിക്കാനായുള്ള പണം കുടുക്ക പൊട്ടിച്ച് കുട്ടി കൈയിൽ കരുതിയിരുന്നു. കുറിപ്പിലെ കൈയക്ഷരവും നോട്ട് ബുക്കിലെ കൈയക്ഷരവും പരിശോധിച്ച് കത്തെഴുതിയത് പെണ്‍കുട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ സുരക്ഷിതമായി കുടുംബത്തിന് കൈമാറി. കുറച്ചുദിവസം ആരുടേയും ശല്യമില്ലാതെ താമസിക്കാനായിരുന്നു പെൺകുട്ടിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - 13-Year-Old Girl Fakes Own Kidnapping, Leaves Rs 15 Lakh Ransom Note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.