ഭോപ്പാൽ: ബലാത്സംഗത്തിന് ഇരയായ 13 വയസ്സുള്ള ദലിത് പെൺകുട്ടിയെ രാത്രി മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നത്. വിഷയം വിവാദമായതോടെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം.
ആഗസ്റ്റ് 27ന് കളിക്കാൻ പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീട്, കുട്ടിയുടെ പിതാവ് കോട്വാലി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്ന്, ആഗസ്റ്റ് 30ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി, തന്നെ ബാബു ഖാൻ എന്നയാൾ ബലം പ്രയോഗിച്ച് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി മൂന്ന് ദിവസത്തോളം ബലാത്സംഗം ചെയ്തതായി മാതാപിതാക്കളെ അറിയിച്ചു.
ബലാത്സംഗ പരാതി നൽകാൻ പോയ തന്റെ മകളെ സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. മൊഴി മാറ്റാൻ രണ്ട് പൊലീസുകാർ മകളുടെ മേൽ സമ്മർദ്ദം ചെലുത്തിയതായും അവർ പറഞ്ഞു. അതേസമയം, ബലാത്സംഗക്കേസ് പ്രതി ബാബു ഖാനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്‌സോ) നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോട്വാലി എസ്.എച്ച്.ഒ അനൂപ് യാദവ്, സബ് ഇൻസ്പെക്ടർ മോഹിനി ശർമ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുരുദത്ത് ശേഷ എന്നിവരെ സസ്പെൻഡ് ചെയ്തതായി ഛത്തർപൂർ എസ്.പി സച്ചിൻ ശർമ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.