ബംഗളൂരു: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്ന ഏറ്റവും പ്രായംകൂടിയ വനിതയായി ബംഗളൂരു സ്വദേശിനിയായ 103കാരി. ജെ. കാമേശ്വരിയാണ് ബംഗളൂരു ബെന്നാർഘട്ട റോഡിലെ അപ്പോള ആശുപത്രിയിൽനിന്ന് കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർക്ക് വാക്സിൻ നൽകാൻ തുടങ്ങിയതിനുശേഷം ഇതുവരെയുള്ള ലഭ്യമായ കണക്കുകൾപ്രകാരം രാജ്യത്ത് വാക്സിൻ സ്വീകരിക്കുന്ന ഏറ്റവം പ്രായം കൂടിയ വനിതയാണ് ജെ. കാമേശ്വരിയെന്ന് അപ്പോളോ ആശുപത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
77കാരനായ മകൻ പ്രസാദ് റാവുവിനും കുടുംബത്തിലെ മറ്റു മുതിർന്ന പൗരന്മാർക്കുമൊപ്പം എത്തിയാണ് കാമേശ്വരി വാക്സിൻ സ്വീകരിച്ചത്. വാക്സിനെടുത്ത് 30 മിനിറ്റ് നിരീക്ഷണത്തിൽ തുടർന്നശേഷമാണ് കാമേശ്വരിയും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയിൽനിന്നു മടങ്ങിയതെന്നും ആർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും അധികൃതർ അറിയിച്ചു.
വാക്സിൻ സ്വീകരിക്കുന്നതിൽ ആശങ്കവേണ്ടെന്നും പ്രായം അതിനൊരു തടസ്സമല്ലെന്നും തെളിയിക്കുകയാണ് കാമേശ്വരി. രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വാക്സിൻ സ്വീകരിക്കാൻ കാമേശ്വരിയുടെ തീരുമാനം പ്രചോദനമാകുമെന്നും കൂടുതൽ പേർ വാക്സിനെടുക്കാൻ വരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നേരേത്ത മാർച്ച് അഞ്ചിന് മുംബൈയിൽ ശശികല ജോഷി എന്ന 100 വയസ്സുകാരിയും വാക്സിൻ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.