ന്യൂഡൽഹി: കിഴക്കൻ യുക്രെയ്നിലെ യുദ്ധമേഖലയിൽ ഇപ്പോഴും 1000 ഇന്ത്യക്കാർ കുടുങ്ങികിടക്കുന്നതായി കേന്ദ്ര സർക്കാർ. സുമിയിൽ 700ഉം ഖാർകിവിൽ 300ഉം ഇന്ത്യക്കാരാണുള്ളത്. ഇവർക്ക് സുരക്ഷിതമായി പുറത്തു കടക്കുന്നതിന് ബസുകൾ ക്രമീകരിക്കുക എന്നത് നിലവിൽ കടുത്ത വെല്ലുവിളിയാണെന്നും സർക്കാർ വ്യക്തമാക്കി.
യുക്രെയ്നിൽനിന്ന് അവസാന ഇന്ത്യക്കാരനെ പുറത്തെത്തിക്കുന്നതുവരെ ഓപറേഷൻ ഗംഗ തുടരും. 2000 മുതൽ 3000 വരെ ഇന്ത്യക്കാർ ഇനിയും യുക്രെയ്നിലുണ്ടാകാമെന്നാണ് കരുതുന്നതെന്നും ഇതിൽ മാറ്റമുണ്ടാകുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു. കിഴക്കൻ യുക്രെയ്നിലെ യുദ്ധമേഖലയിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. റഷ്യയോടും യുക്രെയ്നോടും തങ്ങളുടെ പൗരന്മാരെ പുറത്തെത്തിക്കുന്നതിന് സുരക്ഷിത പാതയൊരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെങ്കിൽ ഇന്ത്യക്കാരെ എളുപ്പത്തിൽ പുറത്തെത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി പകുതിയോടെ നൽകിയ നിർദേശത്തെ തുടർന്ന് ഇതുവരെ 20,000 ഇന്ത്യക്കാർ യുക്രെയ്ൻ അതിർത്തി കടന്നിട്ടുണ്ട്. രക്ഷാ ദൗത്യത്തിന്‍റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങളാണ് അയൽരാജ്യങ്ങളിലെത്തിയത്. ഇതിലൂട 3000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി. അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾകൂടി ക്രമീകരിച്ചിട്ടുണ്ട്. ഓപറേഷൻ ഗംഗയിലൂടെ ഇതുവരെ 48 വിമാനങ്ങളിലായി 10,300 ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.