ഹോണ്ടയുടെ മുഖംമിനുക്കലുകള്‍

ഹോണ്ട അതിന്‍െറ വാഹനനിരയിലെ രണ്ട് പ്രധാനികള്‍ക്ക് പുതിയ മുഖം നല്‍കുകയാണ്. ഒന്നാമത്തേത് സെഡാനുകളിലെ കരുത്തനായ സിറ്റിയാണെങ്കില്‍ രണ്ടാമത്തേത് എം.യു.വികളില്‍ ശ്രദ്ധേയനായ മൊബീലിയോ ആണ്. സിറ്റിക്ക് വിശേഷണങ്ങളൊന്നും ആവശ്യമില്ല. ഇന്ധനക്ഷമതക്കുറവിനേയും ഫീച്ചര്‍ ലിസ്റ്റുകളുടെ നീളമില്ലായ്മയേയും ഈടും കരുത്തും വിശ്വാസ്യതയുംകൊണ്ട് അതിജീവിച്ച ചരിത്രമാണ് സിറ്റിക്ക്. പെട്രോളില്‍ മികവ് തെളിയിക്കുകയും പിന്നീട് ഡീസലിലത്തെി ജനപ്രിയമാവുകയും ചെയ്ത വാഹനം.

തായ്ലന്‍ഡില്‍ പുതുപുത്തന്‍ സിറ്റി പുറത്തിറങ്ങിക്കഴിഞ്ഞു. ജനുവരി അവസാനത്തോടെ ഇന്ത്യയിലും എത്തും. കാര്യമായ മാറ്റങ്ങളില്ലാതെ ചില മിനുക്കുപണികളാണ് ഹോണ്ട പ്രിയ സെഡാനില്‍ വരുത്തിയിരിക്കുന്നത്. ഹോണ്ടയുടെതന്നെ സിവിക്കിന്‍െറ മുന്‍വശത്തോടാണ് പുതിയ സിറ്റിക്ക് സാമ്യം. മിനുമിനുത്ത ക്രോം ബാര്‍ ഹെഡ്ലൈറ്റിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഹെഡ്ലൈറ്റുകളില്‍ പ്രൊജക്ടര്‍ യൂനിറ്റും എല്‍.ഇ.ഡി ഡെ ടൈം റണ്ണിങ് ലാമ്പും വന്നു.

ബമ്പറുകളിലെ എയര്‍ഡാമുകളും ഫോഗ് ലാമ്പുകളും കൂടുതല്‍ വലുതായി. പിന്നില്‍ എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകളാണ്. വെള്ളിത്തിളക്കമുള്ള ബൂട്ട് ലിഡും സ്പോയ്ലറും ആകര്‍ഷകം. ഏറ്റവുമുയര്‍ന്ന വേരിയന്‍റായ ഇസഡ് എക്സില്‍ ഹെഡ്ലൈറ്റുകള്‍ മുഴുവനായും എല്‍.ഇ.ഡിയാണ്. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 16 ഇഞ്ച് അലോയ് വീലുകള്‍ പുതിയതാണ്. 10 മില്ലി മീറ്റര്‍ ഉയരം കൂടിയത് വലിയ ബമ്പുകള്‍ താണ്ടാന്‍ സഹായിക്കും.

എന്‍ജിനുകളില്‍ മാറ്റമൊന്നുമില്ല. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ മികച്ചത്.  ഉള്ളിലെ മാറ്റങ്ങളില്‍ പ്രധാനം ഏറ്റവും പുതിയ 6.8 ഇഞ്ച് ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റത്തിന്‍െറ വരവാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, മൊബൈല്‍ മിററിങ്, വോയ്സ് റെക്കഗ്നിഷന്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ഉയര്‍ന്ന മോഡലുകളില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. 

2014ല്‍ അന്താരാഷ്ട്ര തലത്തില്‍ പുറത്തിറങ്ങിയ ശേഷമുള്ള മൊബീലിയോയുടെ രണ്ടാമത്തെ മുഖം മിനുക്കലാണ് ഇപ്പോള്‍ നടന്നത്. എന്നാല്‍, ഇന്ത്യയിലെ വാഹനത്തിന്‍െറ ആദ്യ പരിഷ്കരണമാണിത്. ഏറ്റവും പുതിയ മൊബീലിയോ ഇന്തോനേഷ്യയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മുന്നിലാണ് കാര്യമായ മാറ്റങ്ങളുള്ളത്. പഴയ വീര്‍ത്ത ഹെഡ്ലൈറ്റുകള്‍ കൂടുതല്‍ മെലിഞ്ഞു. ഇവിടെയും എല്‍.ഇ.ഡി ഡെ ടൈം റണ്ണിങ്ങ് ലാമ്പുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുന്‍ ഗ്രില്ലിലാകമാനം വലിയ ക്രോം ഫിനിഷുമുണ്ട്. ബമ്പറുകളും മൊത്തത്തില്‍ പുതുക്കിയിട്ടുണ്ട്.

വില്‍പനയിലെ ഇടിവും മാന്ദ്യവുമാണ് മൊബീലിയോയില്‍ മാറ്റംവരുത്തുന്നതിലേക്ക് ഹോണ്ടയെ എത്തിച്ചത്. നിലവില്‍ വാഹനം വലിയ ഡിസ്കൗണ്ടുകള്‍ നല്‍കിയാണ് വില്‍ക്കുന്നത്. 2015ല്‍ 16,380 മൊബീലിയോ യൂനിറ്റുകള്‍ വില്‍ക്കാനായിരുന്നു. 2016 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 3396 മാത്രമാണ് വില്‍പന. മാരുതി എര്‍ട്ടിഗയും റെനോ ലോഡ്ജിയും കനത്ത വെല്ലുവിളിയാണ് മൊബീലിയോക്ക് ഉയര്‍ത്തുന്നത്.

 

Tags:    
News Summary - honda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.