എറ്റിയോസിനെപറ്റി ചിന്തിക്കാന്‍ സമയമായി

സ്വിഫ്റ്റ് പോലൊരു ഹാച്ച്ബാക്ക് എന്തുകൊണ്ടാണ് ടാറ്റ പോലൊരു നിര്‍മ്മാതാവിന് ഉണ്ടാക്കാന്‍ കഴിയാത്തത്. ഇന്നോവ പോലൊരു എം.പി.വി ജനറല്‍ മോട്ടോഴ്സ് പോലൊരു ആഗോള ഭീമനും നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല. വെര്‍ന പോലൊരു സുന്ദരന്‍ സെഡാന്‍ നിരത്തിലത്തെിക്കാന്‍ ടൊയോട്ടക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എണ്ണമില്ലാത്ത ഇത്തരം ചേദ്യങ്ങള്‍ വാഹന ലോകത്ത് ഉത്തരമില്ലാതെ ഓടിക്കളിക്കുന്നുണ്ട്. പണവും സാങ്കേതികതയും ആവോളം കൈയ്യിലുണ്ടെങ്കിലും ചില കമ്പനികളുടെ ചില മോഡലുകളാണ് മനസ്സുകള്‍ കീഴടക്കുന്നത്. എന്താണ് ജനപ്രിയ ചേരുവകളെന്ന് ഈ വമ്പന്മാര്‍ക്ക് അറിയാത്തതുകൊണ്ടല്ല. എല്ലാം പലപ്പോഴും ചേരുംപടി ചേരാറില്ളെന്ന് മാത്രം.

ടൊയോട്ട എന്ന ആഢ്യ കുടുംബത്തില്‍ പിറന്നെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മോഡലാണ് എറ്റിയോസ്. കുടുംബങ്ങള്‍ അകറ്റി നിര്‍ത്തിയപ്പോള്‍ ടാക്സിക്കാരാണ് എറ്റിയോസിനെ ഏറ്റെടുത്തത്. അത് കൂടുതല്‍ വിനയായി. വലിയേട്ടനായ ഇന്നോവ വെരി വെരി ഇമ്പോര്‍ട്ടന്‍റ് വെഹിക്ക്ള്‍ ആയി വിലസുമ്പോഴാണ് അനുജന് ഈ ദുര്‍ഗതിയെന്നോര്‍ക്കണം. പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനിടെ നാല് മുഖംമിനുക്കലുകള്‍ക്ക് എറ്റിയോസ് വിധേയമായി. എങ്കിലും ഉപഭോക്താക്കള്‍ കാറില്‍ കയറാന്‍ മടിച്ചുതന്നെ നില്‍ക്കുന്നു. ഏറ്റവും പുതിയ പരിഷ്കരണങ്ങള്‍ക്ക് ശേഷം തീര്‍ച്ചയായും എറ്റിയോസ് പരിഗണിക്കപ്പെടേണ്ട വാഹനമായി മാറിയിട്ടുണ്ടെന്ന് പറയാം. രൂപത്തിലും ഭാവത്തിലും മാറാനുറച്ച പുതിയ എറ്റിയോസിനെപറ്റി.

രൂപവും ഭാവവും

രൂപം തന്നെയായിരുന്നു എറ്റിയോസിന് എന്നും തിരിച്ചടിയായിരുന്നത്. നാലാളുടെ മുന്നില്‍കൊണ്ടു നിര്‍ത്തിയാല്‍ കണ്ണില്‍ തറക്കാത്ത രൂപം. പിന്നില്‍ നിന്ന് നോക്കിയാല്‍ അതിലും ബോറ്. ടൊയോട്ടയുടെ ഇന്ത്യന്‍ ഡിസൈനര്‍മാര്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ എറ്റിയോസില്‍ രൂപത്തിന് മാറ്റം വരുത്താനുള്ള ചില ശ്രമങ്ങള്‍ അവര്‍ നടത്തിയിട്ടുമുണ്ട്. ഗ്രില്ലിലാണ് പരിഷ്കരണങ്ങളുടെ തുടക്കം. പുതുപുത്തന്‍ വി ആകൃതിയിലെ ഗ്രില്ലുകള്‍ ക്രോം ഫിനിഷിലാണ് എത്തുന്നത്. ബമ്പറുകളും പുത്തനാണ്. കുടുതല്‍ വലുപ്പമുള്ള എയര്‍ഡാമുകളും ഭംഗിയുള്ള ഫോഗ് ലാമ്പുകളും ചേരുമ്പോള്‍ ചന്തമേറും. ബമ്പറിലെ കറുത്ത പ്ളാസ്റ്റിക് ഇന്‍സര്‍ട്ടുകള്‍ കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. ഇരട്ട നിറത്തിലുള്ള പെയിന്‍റ്, ഉയര്‍ന്ന വേരിയന്‍റുകളിലെ അലോയ് വീലുകള്‍, തനിയെ മടങ്ങുന്ന വിങ്ങ് മിററുകള്‍ തുടങ്ങിയവയാണ് എടുത്ത് പറയാവുന്ന മറ്റ് പ്രത്യേകതകള്‍. പിന്നിലെ ഭംഗിയില്ലായ്മ പരിഹരിക്കപ്പെടാതെ അങ്ങിനെ തന്നെ നില്‍ക്കുന്നുണ്ട്. ഉള്ളിലെ മാറ്റങ്ങള്‍ സീറ്റുകളിലും ടെക്സ്ചറുകളിലുമാണ്. പിന്‍ സീറ്റില്‍ ആം റെസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഹൃദയവും സുരക്ഷയും

എറ്റിയോസില്‍ നിന്ന് ഉപഭോക്താക്കളെ പിന്നോട്ട് വലിച്ചിരുന്ന മറ്റൊരുഘടകം എഞ്ചിന്‍െറ അമിത ശബ്ദവും ഡീസലിലെ കുറഞ്ഞ കരുത്തുമായിരുന്നു. കരുത്ത് കൂട്ടാനായില്ളെങ്കിലും ശബ്ദം കുറക്കാന്‍ ടൊയോട്ടക്കായിട്ടുണ്ട്. എഞ്ചിന്‍ ബേയില്‍ പരമ്പരാഗത റബ്ബര്‍ മൗണ്ടുകള്‍ക്ക് പകരം ഹൈട്രോളിക് മൗണ്ടുകള്‍ കൂട്ടിച്ചേര്‍ത്താണ് ശബ്ദ പ്രശ്നം പരിഹരിച്ചിരിക്കുന്നത്. ശബ്ദം വാഹനത്തിന് ഉള്ളിലത്തൊതിരിക്കാന്‍ മെച്ചപ്പെട്ട ഇന്‍സുലേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറ്റിയോസ് സ്റ്റാര്‍ട്ട് ആക്കി നിര്‍ത്തുമ്പോള്‍ ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും. പഴയ 1.4ലിറ്റര്‍ 68ബി.എച്ച്.പി ഡീസല്‍ എഞ്ചിനും 1.5ലിറ്റര്‍ 90ബി.എച്ച്.പി പെട്രോള്‍ എഞ്ചിനും നിലനിര്‍ത്തിയിട്ടുണ്ട്. ക്ളച്ചിലും സസ്പെന്‍ഷനിലും മാറ്റങ്ങളുണ്ട്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്. 

സുരക്ഷയുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് എറ്റിയോസില്‍ വരുത്തിയിരിക്കുന്നത്. എല്ലാ വേരിയന്‍റുകളിലും എ.ബി.എസും എയര്‍ബാഗുകളും ഉള്‍പ്പെടുത്തി. ചൈല്‍ഡ് സീറ്റുകള്‍ ഉറപ്പിക്കാന്‍ കഴിയുന്ന ‘ഐസോഫിക്സ്’ സംവിധാനം മറ്റൊരു പ്രത്യേകതയാണ്. ന്യൂ കാര്‍ അസെസ്മെന്‍റ് സിസ്റ്റം (എന്‍.സി.എ.പി)അനുസരിച്ച്  നാല് സ്റ്റാര്‍ റേറ്റിങ്ങിനാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പുതിയ എറ്റിയോസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്. എന്തൊക്കെയായാലും പുത്തന്‍ എറ്റിയോസ് മികച്ച സാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സ്ഥലസൗകര്യത്തില്‍ പണ്ടേ ഇവന്‍ മുന്നിലാണ്. ഇപ്പോള്‍ കുടുതല്‍ ആധുനികനുമായിരിക്കുന്നു. പിന്നിലെ ഭംഗിക്കുറവ് ഒരു പ്രശ്നം തന്നെയാണ്. 2020ല്‍ പുതുപുത്തന്‍ എറ്റിയോസ് വരുന്നതുവരെ അത് സഹിക്കുകയെ നിവൃത്തിയുള്ളു. ഡീസലിന് 23.6 കിലോമീറ്ററും പെട്രോളിന് 16.8ഉം ഇന്ധനക്ഷമത ലഭിക്കും. വില 7.1ലക്ഷംമുതല്‍ 9.1വരെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.