എ ക്ളാസ് യാത്രക്ക് സി ക്ളാസ് ഡീസല്‍

ബഹിരാകാശത്തേക്ക് ഒരു ഉപഗ്രഹം വിടണമെന്ന് തോന്നുന്നവര്‍ അതിന് പറ്റിയ റോക്കറ്റ് തെരഞ്ഞെടുക്കുന്നത് മൈലേജ് നോക്കിയല്ല. ദ്രവ ഇന്ധനമാണോ ഖര ഇന്ധനമാണോ നല്ലതെന്ന് ചിന്തിക്കാറുമില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ ഉപഗ്രഹം കടലില്‍ പോകരുതെന്ന നിര്‍ബന്ധം മാത്രമെ അവര്‍ക്കുള്ളൂ. പിന്നെ വെറുതെയിരിക്കുന്ന നേരത്ത് റോക്കറ്റിനെക്കുറിച്ച് കുശലം ചോദിച്ചെന്നൊക്കെ വരാം. അയല്‍പക്കക്കാരോട് പശുവിന് ചെനയുണ്ടോ എന്ന് ചോദിക്കുന്നതില്‍ കവിഞ്ഞ ഗൗരവമൊന്നും അതിന് കൊടുക്കേണ്ട. ഇതുപോലെയാണ് കോടീശ്വരന്മാര്‍ കാറുവാങ്ങുന്നതും. ദരിദ്രനാരായണന്മാരുടെ കാറുപോലെയല്ല ഇവര്‍ക്ക് വേണ്ട കാറുകള്‍ ഉണ്ടാക്കുന്നത്. പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോ തുടങ്ങിയ സാധാരണക്കാരുടെ ആഡംബരങ്ങള്‍ ഇതില്‍ ഉണ്ടോയെന്ന് ചോദിക്കുന്നതിലും നല്ലത് ചക്രവും സ്റ്റിയറിങ്ങുമൊക്കെയില്ളേ എന്ന് അന്വേഷിക്കുന്നതായിരിക്കും.

പക്ഷേ, പാവപ്പെട്ടവന്‍ പെട്ടെന്ന് പണക്കാരനായാല്‍ എന്തുചെയ്യും. പഴയ അത്താഴപ്പട്ടിണിക്കാലത്തെ ചോദ്യങ്ങളും അന്വേഷണങ്ങളും സ്വഭാവത്തിന്‍െറ ഭാഗമാക്കിയാല്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ കുഴങ്ങിപ്പോകും. അതുപോലെയൊരു പ്രതിസന്ധിയിലാണ് സി ക്ളാസിന്‍െറ ഡീസല്‍ വകഭേദം സി 220 സി.ഡി.ഐ ഇറക്കാന്‍ ബെന്‍സ് തീരുമാനിച്ചത്. നമ്മുടെ നാട്ടില്‍ പെട്രോളിനെക്കാള്‍ വിലകുറവാണല്ളോ ഡീസലിന്. അപ്പോള്‍ ഓരോ തുള്ളിയില്‍നിന്ന് എത്രരൂപ ലാഭം കിട്ടുമെന്ന് കണക്കുകൂട്ടിക്കോണം. വെറും 40 ലക്ഷം രൂപ മാത്രമാണ് കാറിന്‍െറ വില. വീട്ടിലുള്ള കാശ് മുഴുവന്‍ തൂത്തുവാരിയെടുത്തിട്ടും തികയാഞ്ഞ് ആടിനെക്കൂടി വിറ്റിട്ടായിരിക്കുമല്ളോ ഈ കാര്‍ വാങ്ങാന്‍ കഴിയുക. അപ്പോള്‍ ഉയര്‍ന്ന വിലയുള്ള പെട്രോള്‍ ഒഴിക്കാന്‍ ഉപഭോക്താവ് കഷ്ടപ്പെടേണ്ടിവരും. അതിനാലാണ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഇറക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ സി ക്ളാസുകള്‍ ഇറക്കുമതി ചെയ്താണ് ആദ്യഘട്ടത്തില്‍ വില്‍ക്കുക. 

മുഴു വിദേശിയാണ് സി 220 സി.ഡി.ഐ എന്ന് അര്‍ഥം. സ്റ്റൈല്‍, അവന്‍റ്ഗ്രേഡ് എന്നീ രണ്ട് വേരിയന്‍റുകള്‍ ഇപ്പോള്‍ ഉണ്ടാകും. ഈ വര്‍ഷംതന്നെ കാര്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്ത് തുടങ്ങും. അപ്പോള്‍ വില വീണ്ടും കുറയും. വേരിയന്‍റുകള്‍ കൂടും. 168 ബി.എച്ച്.പി ശക്തിയുള്ള 2.1 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിലുള്ളത്. ഹൈ റെസലൂഷന്‍ 8.4 ഇഞ്ച് സ്ക്രീന്‍, കമാന്‍ഡ് ഇന്‍ഫൊടെയ്ന്‍മെന്‍റ് കമ്പ്യൂട്ടര്‍, സാറ്റലൈറ്റ് നാവിഗേഷന്‍, എല്‍.ഇ.ഡി ആംബിയന്‍റ് കാബിന്‍ ലൈറ്റിങ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, പനോരമിക് സണ്‍റൂഫ്, 13 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ത്രീ സോണ്‍ കൈ്ളമറ്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ കാമറ, ബ്ളൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയവയാണ് സവിശേഷതകളായി പറയാവുന്നത്. ഓഡി എ ഫോര്‍, ബി.എം.ഡബ്ള്യൂ ത്രീ സീരീസ് എന്നിവയാണ് എതിരാളികള്‍. ഡീസല്‍ സി ക്ളാസിനൊപ്പം ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന സി ക്ളാസ് പെട്രോളും കിട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.