ഇനാസുമക്ക് വില കുറച്ചു

ബൈക്കിന് എത്ര ഗുണമുണ്ടെങ്കിലും പോക്കറ്റ് കീറുന്ന വിലയാണെങ്കില്‍ സാധാരണ ഇന്ത്യാക്കാരന്‍ അറച്ചുനില്‍ക്കും. വില കുറക്കാത്ത പക്ഷം ഷോറൂമിന് മുന്നില്‍ വണ്ടി കാണാന്‍ മാത്രമേ വണ്ടി വാങ്ങാന്‍ വരൂ എന്നത് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ അല്‍പ്പം വൈകിയാണ് തിരിച്ചറിഞ്ഞത്. പ്രീമിയം മോഡലായ ഇനാസുമയുടെ വിലക്കുറക്കലിലാണ് ഈ തിരിച്ചറിവ് സുസുക്കിയെ കൊണ്ടുചെന്ന് എത്തിച്ചത്. ജനുവരിയില്‍ പുറത്തിറക്കിയ നേക്കഡ് സ്ട്രീറ്റ് ബൈക്കായ ഇനാസുമയുടെ വിലയില്‍ ഒരു ലക്ഷം രൂപയോളമാണ്  കുറച്ചത്. ഹോണ്ട സി.ബി.ആര്‍ 250 ആര്‍, കാവസാക്കി നിഞ്ജ 300, കെ.ടി.എം ഡ്യൂക്ക് 200 എന്നിവ എതിരാളികളായുള്ള ഇനാസുമക്ക് 3.10 ലക്ഷം രൂപയായിരുന്നു ദല്‍ഹിയിലെ എക്സ്ഷോറൂം വില. 2.09 ലക്ഷം രൂപയാണ് പുതിയ വില. ബൈക്കിന് വിപണിയില്‍ മികച്ച പ്രതികരണമാണെന്നും എന്നാല്‍ വില അധികമാണെന്ന് പൊതു അഭിപ്രായമുള്ളതിനാലാണ് വിലകുറക്കുന്നതെന്നും സുസുക്കി ഇന്ത്യ സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്‍റ് അതുല്‍ഗുപ്ത പറഞ്ഞു.
24 ബിഎച്ച്പി ശേഷിയുള്ള 248 സിസി, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ഈനാസൂമ 250 ന് കരുത്തേകുന്നത്. ആറ് സ്പീഡാണ് ഗീയര്‍ബോക്സ് . ചുവപ്പ് , കറുപ്പ്  നിറങ്ങളില്‍ ലഭിക്കും. വാഹനഭാഗങ്ങള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. ഇത് സുസുക്കിയുടെ ഗുഡ്ഗാവ് പ്ളാന്‍റില്‍ കൂട്ടിയോജിപ്പിച്ചാണ് ഇനാസുമ വിപണിയില്‍ എത്തുന്നത്.
എതിരാളികളുടെ കുറഞ്ഞ വില പ്രതിരോധിക്കലാണ് സുസുക്കി വില കുറക്കലിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏപ്രില്‍ -മെയ് മാസത്തില്‍ 11 ഇനാസുമ ഉല്‍പ്പാദിപ്പിച്ചെങ്കിലും മൂന്നെണ്ണം മാത്രമാണ് വിറ്റത്. മെയിലാകട്ടെ രണ്ടെണ്ണം ഉല്‍പ്പാദിപ്പിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് വിറ്റത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.