വിവാദമായ കേരള ലോട്ടറി സുവർണ കേരളം ടിക്കറ്റ്

കേരള ലോട്ടറിയിലെ ചിത്രം വിവാദത്തില്‍; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

കോട്ടയം: കേരള സർക്കാറിന്‍റെ 'സുവര്‍ണ കേരളം' ലോട്ടറി ടിക്കറ്റിൽ പതിച്ച ചിത്രം വിവാദത്തിൽ. ലോട്ടറി വകുപ്പ് ഇറക്കിയ എസ്‌.കെ 34 സീരിയലിലുള്ള 50 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്. 2026 ജനുവരി രണ്ടിന് ഒരു കോടി രൂപ സമ്മാനത്തുകയുള്ള ടിക്കറ്റിന്‍റെ നെറുക്കെടുപ്പ് നടക്കാനിരിക്കെയാണ് പരാതി ഉയർന്നിട്ടുള്ളത്.

അതിനിടെ, 'സുവര്‍ണ കേരളം' ലോട്ടറി ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും രംഗത്തു വന്നു. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.

ലോട്ടറിയുടെ പ്രസിദ്ധീകരണവും പ്രചാരണവും ഹിന്ദു പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും മതവികാരത്തെ അപമാനിക്കാനും പ്രകോപിപ്പിക്കാനും ഹിന്ദു സമൂഹത്തിലെ സ്ത്രീകളുടെ എളിമയെ അപമാനിക്കാനുമുള്ള മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തിയാണെന്ന് പരാതിയിൽ പറയുന്നു.

ലോട്ടറി രൂപകൽപന, അച്ചടി, പ്രസിദ്ധീകരണം എന്നിവക്ക് പിന്നിലുള്ള ആളുകൾക്കെതിരെ ബി.എൻ.എസ് സെക്ഷൻ 299 പ്രകാരം കേസെടുക്കണം. ഹിന്ദു സമൂഹത്തിലെ സ്ത്രീകളെ, പ്രത്യേകിച്ച് ഒരു സമൂഹത്തെ മനഃപൂർവം അപമാനിക്കുന്നതിനാൽ ബി.എൻ.എസ് 79, 352, 353 എന്നീ വകുപ്പുകളും ചുമത്തണമെന്നും പരാതിയിൽ പറയുന്നു.

എന്നാല്‍, ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രമാണിതെന്നാണ് ലോട്ടറി വകുപ്പ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Kerala lottery picture in controversy; complaint alleges it hurt religious sentiments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.