ഹോണ്ടയുടെ വി.എഫ്.ആര്‍ 1200 എഫ് മോഡലിന് ഡല്‍ഹിയില്‍ 20 ലക്ഷം രൂപ വിലയുണ്ട്. സംഗതി വെറുമൊരു ബൈക്കാണ്. മഴപെയ്താല്‍ നനയും, വെയില്‍ വീണാല്‍ ഉണങ്ങും. കുറച്ച് കൂടുതല്‍ വേഗത്തില്‍ പോകാം, നാലുംകൂടിയ കവലകളില്‍ നാലുപേര് നോക്കും എന്നീ മെച്ചങ്ങള്‍ ഇതിനുണ്ട്.
മൈലേജിനെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍ കിലോമീറ്ററിന് എത്ര ലിറ്റര്‍ കിട്ടും എന്ന് അന്വേഷിക്കുകയായിരിക്കും മര്യാദ. ഒരു വഴിക്ക് പോകാന്‍ ഇത്രവില കൊടുക്കണോയെന്ന് ആലോചിക്കുന്നവര്‍ക്ക് വേറെ പണിനോക്കാം. ഹോണ്ടയെന്നാല്‍ ഇങ്ങനൊക്കെയാണ്.
ദശലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളിറക്കി നമ്മെ കൊതിപ്പിക്കും. ഇതൊക്കെ സ്വപ്നത്തില്‍ മാത്രം കാണാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ബൈക്ക് പ്രേമികളും. സ്വപ്നം കണ്ട് വട്ടാകേണ്ട എന്നുകരുതിയാവും, ഇവര്‍ക്കുള്ള ആശ്വാസവും ഹോണ്ട വിതരണം ചെയ്യുന്നുണ്ട്. അതും സ്വപ്നം അഥവാ ഡ്രീം എന്ന പേരില്‍. ഡ്രീം യുഗ, ഡ്രീം നിയോ എന്നിവയായിരുന്നു പാവപ്പെട്ടവനുള്ള നീക്കിയിരിപ്പ്. ഏത് പാവങ്ങള്‍ക്കിടയിലും ചില പാവങ്ങള്‍ ഉണ്ടാകുമല്ളോ, അവര്‍ക്ക് വേണ്ടി ഒരു വണ്ടി കൂടി ഹോണ്ട ഉണ്ടാക്കി. പേര് സിഡി 110.
പണ്ട് ഹീറോ ഹോണ്ടക്ക് സീഡി 100 എന്ന പേരില്‍ ബൈക്കുണ്ടായിരുന്നു. ഇതിനെക്കാള്‍ പത്ത് ചുവട് മുന്നില്‍ നില്‍ക്കും ഹോണ്ടയുടെ സീഡി. കൊച്ചിയിലെ എക്സ്ഷോറും വില 42,000 രൂപയാണ്. ഇതിലും വിലകുറഞ്ഞ സ്വപ്നം ആരും കാണണ്ട. നിയോയെക്കാള്‍ 5000 രൂപയും യുഗയെക്കാള്‍ 7000 രൂപയും കുറവാണിതിന്. 100-110 സീസിയുടെ ഈ സെഗ്മെന്‍റില്‍ പ്രതിവര്‍ഷം വില്‍ക്കുന്ന 70 ലക്ഷം മോട്ടോര്‍ സൈക്കിളുകള്‍ സ്വപ്നം കണ്ടാണ് ഹോണ്ട ഓരോ ദിവസവും ഉണരുന്നത്. ഇത് മുഴുവന്‍ കൈപ്പിടിയിലായാല്‍ ഹോണ്ട എന്തായിത്തീരും.
ഡ്രീം എന്ന വാക്കിന് ഇതില്‍ കൂടുതല്‍ അര്‍ഥം കിട്ടുന്ന വേറൊരു സന്ദര്‍ഭമില്ല. നിലവില്‍ 23 ശതമാനമാണ് ഹോണ്ടയുടെ കച്ചവടം. ഹോണ്ട ഇക്കോ ടെക്നോളജി അനുസരിച്ച് നിര്‍മിച്ച ഇതിന്‍െറ 109 സീ.സി എന്‍ജിന്‍ 7500 ആര്‍.പി.എമ്മില്‍ 8.3 പി.എസ് പവറും 5500 ആര്‍.പി.എമ്മില്‍ 8.63 എന്‍.എം ടോര്‍ക്കും നല്‍കും. ലിറ്ററിന് 74 കിലോമീറ്ററാണ് ഹോണ്ട പറയുന്ന മൈലേജ്. പെട്ടെന്ന് കണ്ടാല്‍ ഡ്രീം നിയോയുടെ ഛായ തോന്നും. നീളം കൂടിയ സീറ്റ്, പുതിയ ഗ്രാഫിക്സ്, ട്യുബ്ലെസ് ടയര്‍, വെളുത്ത അലോയ് വീലുകള്‍ എന്നിവയൊക്കെയാണ് പ്രത്യേകത. ഡിസ്ക്ബ്രേക്ക് പോലുള്ള ആഡംബരങ്ങള്‍ ഇല്ല എന്നതാണ് കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.