സുസുക്കി ഒരു പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിച്ചു. ബൈക്കുകള്‍ക്ക് കുറഞ്ഞ ഭക്ഷണത്തില്‍ കൂടുതല്‍ ആരോഗ്യം കിട്ടുന്ന വിദ്യയാണത്. സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് അഥവാ എസ്.ഇ.പി എന്നാണ് പേര്. ജാപ്പനീസ് ബുദ്ധിയാണ് പാഴാകാന്‍ സാധ്യത വളരെക്കുറവ്. എന്താണ് തെളിവെന്ന് ചോദിച്ചാല്‍ സുസുക്കിയുടെ ശത്രു ഹോണ്ടയെ ചൂണ്ടിക്കാണിക്കാം. ഹോണ്ട ഇക്കോ ടെക്നോളജി അഥവാ എച്ച്.ഇ.ടിക്ക് തുല്യമാണ് എസ്.ഇ.പി. പ്രകൃതി സംരക്ഷണവും നമ്മുടെ പോക്കറ്റ് സംരക്ഷണവുമാണ് ഇത്തരം സാങ്കേതിക വിദ്യകള്‍കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഗിക്സര്‍ എന്ന പുതിയ അവതാരത്തിലൂടെയാണ് പുതിയ ബുദ്ധിയുടെ ഭാവി സുസുക്കി അളക്കുന്നത്. സാധാരണ ഗതിയില്‍ ഒച്ചയും ബഹളവും ഒരുപാട് ഉണ്ടാകേണ്ടതാണ്. പക്ഷേ, ഗിക്സറിനെക്കുറിച്ച് സുസുക്കി അധികം സംസാരിച്ചു കാണുന്നില്ല. അതുകൊണ്ടുതന്നെ സര്‍വത്ര ഊഹാപോഹങ്ങളുമായാണ് ഗിക്സര്‍ എത്തുന്നത്. ലെറ്റ്സ് എന്ന സ്കൂട്ടറിനൊപ്പം എത്തിയ ആളാണ് ഗിക്സര്‍. എന്നിട്ടും ലെറ്റ്സിനെ അറിയാവുന്നവര്‍ക്ക് പോലും ഗിക്സറിനെ അറിയില്ല.
2014 ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലാണ് സുസുക്കി ഗിക്സര്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. 155 സി.സി ശേഷിയുള്ള എന്‍ജിനാണ് ഇതിന് എന്ന് അന്നേ നാട്ടുകാര്‍ കണ്ടുപിടിച്ചിരുന്നു. ലിറ്റര്‍ ക്ളാസ് ബൈക്കുകളില്‍നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഗിക്സര്‍ എന്നാണ് സുസുക്കി പറയുന്നത്. ഒറ്റ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന് 13.8 ബി.എച്ച്.പി കരുത്തും 13.4 എന്‍.എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. സുസുക്കി ഇതെക്കുറിച്ചും മിണ്ടിയിട്ടില്ല. 150 സി.സിയുടെ മറ്റ് ബൈക്കുകള്‍ക്ക് ഉപയോഗിക്കുന്ന എന്‍ജിനെടുത്ത് നാട്ടുകാരെ പറ്റിക്കുന്ന വണ്ടിക്കമ്പനികളെപ്പോലെയല്ല സുസുക്കി. ഗിക്സറിന്‍െറ എന്‍ജിന്‍ അടിമുടി പുതിയതായി നിര്‍മിക്കുകയാണ് അവര്‍ ചെയ്തത്. പിസ്റ്റണും സിലിണ്ടറുമടക്കം പുതിയ ഡിസൈനാണ്.
ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ആറു കാലുള്ള അലോയി വീലുകള്‍, മോണോ സസ്പെന്‍ഷന്‍, ട്യൂബ്ലെസ് ടയര്‍, എന്നിയെല്ലാം ഗിക്സറിലുണ്ട്. മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ഘടിപ്പിച്ചിരിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്. സവിശേഷ ആകൃതിയില്‍ നിര്‍മിച്ച ഇരട്ട അഗ്രമുള്ള പുകക്കുഴലാണ് ഗിക്സറിന്‍െറ പ്രധാന ആകര്‍ഷണം. യമഹ എഫ്.സീ, ഹീറോ സി.ബി.സീ എക്സ്ട്രീം, ടി.വി.എസ് അപ്പാചെ, ഹോണ്ട ട്രിഗര്‍ എന്നിവരാണ് ഗിക്സറിന്‍െറ എതിരാളികളാകാന്‍ സാധ്യതയുള്ളവര്‍. വില മുക്കാല്‍ ലക്ഷത്തിന് മുകളിലാകും.
ജുവിന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.