വെട്ടിത്തിളങ്ങട്ടെ നിങ്ങളുടെ ക്രോം അലോയികള്‍

മനുഷ്യന്‍ ചെരിപ്പിടുന്നത് പോലെയാണ് കാറുകള്‍ക്ക് വീലുകള്‍. നന്നായി അണിഞ്ഞൊരുങ്ങിയയാള്‍  വള്ളിപൊട്ടിയ ചെരുപ്പിട്ട് വന്നാല്‍ എത്ര അഭംഗിയായിരിക്കും. ഇതേ അരോചകത്വം തന്നെയാണ് നന്നായി വൃത്തിയാക്കിയ വാഹനങ്ങളുടെ വീലുകള്‍ വൃത്തികേടായാല്‍ ഉണ്ടാകുന്നത്. ഇന്നിപ്പോള്‍ അലോയ് വീലുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ കുറഞ്ഞിരിക്കുന്നു. കമ്പനികള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്നതും ഉപഭോക്താക്കള്‍ നേരിട്ട് വാങ്ങി ഉപയോഗിക്കുന്നതുമായ അലോയികളുണ്ട്. വാഹനങ്ങളുടെ ലുക്ക് നിര്‍ണയിക്കുന്ന പ്രധാന ഘടകവും ഇത് തന്നെ. എന്നാല്‍ കാലപ്പഴക്കം അലോയികളുടെ ഭംഗി കെടുത്തും. ക്രോം പ്ളേറ്റഡാണെങ്കില്‍ പ്രത്യേകിച്ചും. തുരുമ്പും കറയും പിടിച്ച് മങ്ങുന്ന ഇവ വൃത്തിയാക്കാതെ വാഹനം എത്ര കഴുകിയാലും ഭംഗിയാവില്ല. വീട്ടില്‍ തന്നെ ക്രോം അലോയികള്‍ വൃത്തിയാക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം. 


1. ആദ്യ പടിയായി വീലുകള്‍ നന്നായി തുടച്ച് വൃത്തിയാക്കുക. ഇതിനായി അലൂമിനിയം ഫോയിലും വിനാഗിരിയോ കോളയോ ഉപയോഗിക്കാം. അലൂമിനിയം ഫോയില്‍ മിനുസമുള്ള ഭാഗം മുകളില്‍ മുകളില്‍ വരത്തക്കവണ്ണം ഉരുട്ടിയെടുക്കണം. അസിഡിക് സ്വഭാവമുള്ളതിനാലാണ് വിനാഗിരിയോ കോളയോ ഉപയോഗിക്കുന്നത്. ആദ്യം വിനാഗിരിയോ കോളയോ അലോയിയുടെ കറയും തുരുമ്പുമുള്ള ഭാഗത്ത് നേരിട്ട് പ്രയോഗിക്കുക. പിന്നീട് അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് സാവധാനം തുടക്കണം. കറ നീക്കം ചെയ്തശേഷം വെള്ളമൊഴിച്ച് കഴുകി മൃദുവായ തുണി ഉപയോഗിച്ച് തുടക്കുക. 
2. രണ്ടാംഘട്ടത്തില്‍ വീല്‍ സോപ്പും വെള്ളവുമുപയോപിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ഇതിനായി ഒരു ബക്കറ്റില്‍ ശുദ്ധമായ ചെറുചൂടുവെള്ളം എടുക്കുക. ഇതിലേക്ക് സോപ്പോ, വാഷിങ് ഡിറ്റര്‍ജന്‍േറാ ചേര്‍ക്കാം. മിശ്രിതത്തില്‍ വൃത്തിയുള്ള തുണി മുക്കി വീലുകള്‍ തുടക്കണം. നന്നായി വൃത്തിയായാല്‍ ശുദ്ധജലം ഉപയോഗിച്ച് സോപ്പ് വെള്ളം പൂര്‍ണമായി കഴുകി മാറ്റണം. തുടര്‍ന്ന് തുരുമ്പിന്‍െറ അംശം പോലും ബാക്കിയാവാതെ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടക്കുക. 
3. വീണ്ടും ഒരു ചെറുപത്രത്തില്‍ വിനാഗിരി എടുക്കുക. ഒരു നുള്ള്ബേക്കിങ് സോഡ ഇതിലേക്ക് ചേര്‍ക്കുക. വൃത്തിയുള്ള തുണി ഈ മിശ്രിതത്തില്‍ മുക്കി പിഴിഞ്ഞെടുക്കണം. ഈ തുണി ഉപയോഗിച്ച് അലോയ് നന്നായി അമര്‍ത്തി തുടക്കുക. അവസാനം ജലം ഉപയോഗിച്ച് വീലുകള്‍ കഴുകി വൃത്തിയാക്കണം. 
4. പല തരം  ക്രോം ക്ളീനറുകള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. സ്പ്രേ രൂപത്തിലും സൊല്യൂഷന്‍ രൂപത്തിലും ഇവ ലഭിക്കും. അല്‍പം വിലയേറുമെങ്കിലും ഇവ ഉപയോഗിച്ച് ക്രോം പ്ളേറ്റഡ് ഭാഗങ്ങള്‍ വൃത്തിയാക്കാനും തിളക്കം നിലനിര്‍ത്താനുമാകും. ആദ്യം വൃത്തിയുള്ള തുണിയില്‍ക്രോം ക്ളീനര്‍ സ്പ്രേ ചെയ്യുക. ആ തുണി ഉപയോഗിച്ച് അലോയികള്‍ നന്നായി തുടക്കണം. അവസാനം മറ്റൊരു തുണി ഉപയോഗിച്ച് എന്തെങ്കിലും അഴുക്കുകള്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതും നീക്കം ചെയ്യുക.
5. അവസാനഘട്ട മിനുക്ക് പണിയെന്ന നിലയില്‍ കാര്‍ ബോഡി വാക്സുകള്‍ ഉപയോഗിക്കാം. അലോയികളുടെ തിളക്കം സംരക്ഷിക്കാന്‍ വാക്സിന്‍െറ പ്രയോഗം സഹായിക്കും. ഉണങ്ങിയ തുണിയില്‍ വാക്സ് പുരട്ടി വീലുകള്‍ പതിയെ തുടക്കണം. ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ ഘട്ടമായി വാക്സ് ഉപയോഗിച്ച് തിളക്കം വര്‍ധിപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.