വിന്‍ഡ് സ്ക്രീന്‍ സംരക്ഷണം കരുതലോടെ


രാത്രിയിലെ വാഹന യാത്രകളില്‍ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് വിന്‍ഡ് സ്ക്രീനിലൂടെയുള്ള കാഴ്ച തടസ്സപ്പെടല്‍. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിലെ പ്രകാശം കൂടിയാകുമ്പോള്‍ സ്ഥിതി ഗുരുതരമാകും. പലപ്പോഴും കണ്ണിന്‍െറ കാഴ്ചക്കുറവാണെന്ന് കരുതി അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് മിക്കവരും ചെയ്യുക. എന്നാല്‍ വാഹനം അല്‍പം പഴയതാണെങ്കില്‍ ഉറപ്പിക്കുക, നിങ്ങളുടെ വിന്‍ഡ് സ്ക്രീനിന് പരിചരണം ആവശ്യമായിരിക്കുന്നു. വാഹനത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണ് ഗ്ളാസുകള്‍. ഇവയെ കരുതലോടെ സംരക്ഷിച്ചില്ളെങ്കില്‍ കാഴ്ച മറഞ്ഞ് വന്‍ അപകടങ്ങള്‍ തന്നെയുണ്ടാകും. 


തകരാറുകള്‍ വരുന്ന വഴി
യാത്രക്കിടയിലോ പാര്‍ക്കിങ് സമയത്തോ പറ്റിപ്പിടിക്കുന്ന പൊടി വിന്‍ഡ്സ്ക്രീനിന് വലിയ തകരാറുണ്ടാക്കുമെന്ന് വിശ്വസിക്കാനാവില്ല. എന്നാലതാണ് വാസ്തവം. അലക്ഷ്യമായി നാം തുടച്ച് മാറ്റുന്ന പൊടി അവശേഷിപ്പിക്കുന്ന കുഞ്ഞ് പോറലുകള്‍ അപകടകരങ്ങളാണ്. കൂടുതല്‍ പേരും ഗ്ളാസിലെ പൊടി നീക്കം ചെയ്യാന്‍ ഉണങ്ങിയ തുണിയാണുപയോഗിക്കുന്നത്. പൊടിയും തുണിയും തമ്മിലുരസിയുണ്ടാകുന്ന പോറല്‍ ക്രമേണ വലുതാകും. അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന വൈപ്പറുകളാണ് മറ്റൊരു പ്രശ്നം. വാഹനം വാങ്ങി കുറേ നാള്‍ കഴിയുമ്പോള്‍ വൈപ്പറുകളിലെ റബര്‍ ബ്ളേഡുകള്‍ കട്ടിയാകാന്‍ തുടങ്ങും. കൂടുതല്‍ വെയിലത്ത് കിടക്കുന്ന വാഹനമാണെങ്കില്‍ ഈ പ്രക്രിയ വേഗത്തിലായിരിക്കും. ഇത്തരം വൈപ്പറുകള്‍ പൊടിപറ്റിയ വിന്‍ഡ്സ്ക്രീനുമായി ചേര്‍ന്നാല്‍ അത്യുഗ്രന്‍ പോറലുകളായിരിക്കും ഫലം. 
പരിഹാരം
വിന്‍ഡ് സ്ക്രീന്‍ വൃത്തിയാക്കാന്‍ ഒരിക്കലും ഉണങ്ങിയ തുണി ഉപയോഗിക്കാതിരിക്കുക. നനഞ്ഞ തുണിയോ മാര്‍ക്കറ്റില്‍ വാങ്ങാന്‍ ലഭിക്കുന്ന മൈക്രോ ഫൈബര്‍ ക്ളോത്തോ അല്ളെങ്കില്‍ സ്പോഞ്ചോ ഉപയോഗിച്ച് മാത്രം ഗ്ളാസുകള്‍ കഴുകുക. തുണി നനച്ച് തുടക്കുന്നതിനേക്കാള്‍ നല്ലത് വെള്ളം നേരിട്ട് ഗ്ളാസിലേക്കൊഴിച്ച ശേഷം വൃത്തിയാക്കുന്നതാണ്. തുടക്കുമ്പോള്‍ ഒരുപാട് അമര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. മൈക്രോ ഫൈബര്‍ തുണികളുപയോഗിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ ഇവ മാറ്റണം. വൈപ്പറുകള്‍ കാര്യക്ഷമമായി സൂക്ഷിക്കാന്‍ ഏറ്റവുമെളുപ്പം ബ്ളേഡുകള്‍ കൃത്യമായി മാറുകയാണ്. സാധാരണ കമ്പനി സര്‍വീസുകളില്‍ ബ്ളേഡുകള്‍ക്ക് മൃദുത്വം വരുത്താന്‍ പ്രത്യേക ഫ്ളൂയിഡ് ഉപയോഗിക്കാറുണ്ട്. എങ്കിലും വെയില്‍ അധികമേല്‍ക്കുന്ന വാഹനങ്ങളില്‍ ബ്ളേഡുകള്‍ മാറ്റുന്നതാണ് കൂടുതല്‍ അഭികാമ്യം. 


ഗ്ളാസ് ബഫിങ് ടെക്നിക്
കാലപ്പഴക്കംകൊണ്ടോ അലക്ഷ്യമായ ഉപയോഗം കൊണ്ടോ പോറലുകള്‍ നിറഞ്ഞ വിന്‍ഡ് സ്ക്രീന്‍ നമുക്ക് എന്ത് ചെയ്യാനാകും. പുത്തന്‍ വിന്‍ഡ്സ്ക്രീന്‍ വാങ്ങുക എന്നത് പണച്ചെലവേറിയ കാര്യമാണ്. വിന്‍ഡ്സ്ക്രീന്‍ പോറലുകള്‍ ഒഴിവാക്കി തിളക്കം നല്‍കാന്‍ ഉപയോഗിക്കുന്ന ടെക്നിക്കാണ് ഗ്ളാസ് ബഫിങ്. പഴയപടിയാകില്ളെങ്കിലും പോറലുകള്‍ കുറച്ച് ഏറെനാള്‍ ഗ്ളാസിന് പുതുമ നിലനിര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കും. ക്ളീനിങ് ലോഷനുപയോഗിച്ച് കറങ്ങുന്ന മെഷീനില്‍ ഘടിപ്പിച്ച മൈക്രോ ഫൈബര്‍ തുണിയുടെ സഹായത്തോടെ ഗ്ളാസ് വൃത്തിയാക്കലാണ് ബഫിങ്ങിന്‍െറ ആദ്യപടി. പിന്നീട് ക്ളേ കോമ്പൗണ്ട് ഉപയോഗിച്ച് ഗ്ളാസ് വൃത്തിയാക്കും. ഗ്ളാസിലെ എണ്ണമയം വലിച്ചെടുത്ത് വൃത്തിയാക്കാനാണിത് ചെയ്യുന്നത്. അവസാനം പോളിഷിങ് കോമ്പൗട്ട് ഉപയോഗിക്കുന്നു. കരുതലോടെ പരിചരിച്ചാല്‍ ഇത്തരം ഗ്ളാസുകള്‍ ഏറെനാള്‍ കേട് കൂടാതെയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.