നിസാരനാക്കരുത് ഈ ബ്രേക്കിനെ

ഒരു സാധാരണ ഡ്രൈവറോട് വാഹനത്തിന്‍െറ ഏറ്റവും പ്രധാന ഭാഗമേതാണെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് പറയും ബ്രേക്കാണെന്ന്. എല്ലാം നന്നായിട്ടും ബ്രേക്കില്ളെങ്കില്‍ തീര്‍ന്നില്ളേ എന്നാകും വിശദീകരണം. സര്‍വീസ് സെന്‍ററുകള്‍ ഉള്‍പ്പെടെ പലപ്പോഴും ബ്രേക്കിന്‍െറ കാര്യം പറഞ്ഞ് വാഹനഉടമകളെ ഭയപ്പെടുത്തുകയും ചെയ്യും. ഒരു പണിയുമില്ളെങ്കില്‍ ബ്രേക്കിത്തിരി കുറവാണെന്ന് പറയും. ജീവനില്‍ കൊതിയുള്ളവര്‍ ഉടന്‍ ചോദിക്കുന്ന പണം കൊടുത്ത് ‘തകരാര്‍’ പരിഹരിക്കും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലൂം ബ്രേക്കൊരു സംഭവമാണോന്ന് ചോദിച്ചാല്‍ അതേന്ന് തന്നെയാണുത്തരം. പരമ്പരാഗത ബ്രേക്കിങ്ങ് സംവിധാനങ്ങളൊക്കെ  കടന്ന് ഇന്ന് നാം ഏറെ മുന്നേറി. വാഹനം ഓടാനുള്ള സാങ്കേതികയേക്കാള്‍ ഏറെ ഗവേഷണം നടക്കുന്നത് അത് നിര്‍ത്തുന്നതിനെ പറ്റിയാണ്. ഈ രംഗത്ത് വിദേശരാജ്യങ്ങള്‍ ബഹുകാതം മുന്നിലാണ്. നമ്മളും പതിയെ സുരക്ഷിതയാത്രയെന്ന സങ്കല്‍പത്തിലേക്ക് വന്നിട്ടുണ്ട്. എ.ബി.എസ് എന്ന താരതമ്യേന പഴയ ബ്രേക്കിങ് സംവിധാനം വാഹങ്ങളില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് ഫോര്‍മുല വണ്ണില്‍ മാത്രം ഉപയോഗിച്ചിരുന്ന നിരവധി ബ്രേക്കിങ് സാങ്കേതികതകള്‍ പുതുതലമുറ വാഹനങ്ങളില്‍ ഇന്ന് ലഭ്യമാണ്. അവയില്‍ ചിലതിനെ നമുക്ക് പരിചയപ്പെടാം. 
 

ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം 
നിര്‍ബന്ധമായും വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്ന സംവിധാനമാണ് ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്). പേര് സൂചിപ്പിക്കുംപോലെ അടിയന്തിരഘട്ടങ്ങളില്‍ ബ്രേക്കുകള്‍ ലോക്കാകാതെ സംരക്ഷിക്കലാണ് എ.ബി.എസ് ചെയ്യുന്നത്. ഇത് ഡ്രൈവര്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും. ഹൈഡ്രോളിക് കണ്‍ട്രോള്‍ യൂനിറ്റ് (എച്ച്.സി.യു) ബ്രേക്ക് കണ്‍ട്രോള്‍ മൊഡ്യുള്‍, സെന്‍സറുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട എ.ബി.എസ് ഘടകങ്ങള്‍. ഒരു നിശ്ചിത വേഗതയിലത്തെുമ്പോള്‍ മാത്രമേ എ.ബി.എസ് പ്രവര്‍ത്തനം തുടങ്ങുകയുള്ളൂ. ഈ വേഗത നേരത്തെ സെറ്റ് ചെയ്തിരിക്കും. എ.ബി.എസ് ഓണാകുന്നത് ബ്രേക്ക് പെഡലിലെ പള്‍സുകളായി അറിയാന്‍ സാധിക്കും. സെന്‍സറുകള്‍ വേഗത നിര്‍ണയിക്കുകയും ഇതനുസരിച്ച് എച്ച്.സി.യു വീലുകളിലേക്ക് ഫ്ളൂയിഡ് വിതരണം നടത്തുകയും ചെയ്യും. വേഗത നിയന്ത്രിക്കപ്പെടുന്നതോടെ ഫ്ളൂയിഡിന്‍െറ ഒഴുക്ക് അവസാനിക്കും. 
 

ഇലക്ട്രോണിക് ബ്രേക്ക് അസിസ്റ്റന്‍റ് (ഇ.ബി.എ)
പെട്ടെന്നുള്ള ബ്രേക്കിടല്‍ കാര്യക്ഷമമാക്കലാണ് ഇ.ബി.എ ചെയ്യുന്നത്. എ.ബി.എസുമായി ചേര്‍ന്നാണിവ പ്രവര്‍ത്തിക്കുന്നത്. ഇ.ബി.എ സംവിധാനമുള്ള വാഹനങ്ങള്‍ ഇല്ലാത്തവയേക്കാള്‍ വേഗത്തില്‍ നിശചലാവസ്ഥയിലത്തെും. ഡ്രൈവര്‍ വേഗത്തിലും ശക്തമായും ബ്രേക്ക് ചവിട്ടുമ്പോള്‍ ഇലക്ട്രോണിക് കണ്‍സ്യൂമര്‍ യൂനിറ്റ് (ഇ.സി.യു) ഇത് തിരിച്ചറിഞ്ഞ് ബ്രേക്കിങ് പവര്‍ കൂടുതല്‍ ശക്തമാക്കും. 
 

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി)
വാഹനങ്ങളുടെ മൊത്തം നിയന്ത്രണം കൂട്ടലും വളവുതിരിയല്‍ കാര്യക്ഷമമാക്കലുമാണ് ഇ.എസ്.പിയുടെ ജോലി. മെര്‍സിഡസ് ബെന്‍സ് എസ് ക്ളാസ്, ബി.എം.ഡബ്ള്യു 7 സീരിസ് തുടങ്ങിയ വമ്പന്‍മാരാണിവ ആദ്യമായി ഉപയോഗിച്ചത്. വാഹനമോട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ് ‘അണ്ടര്‍സ്റ്റീറും’ ‘ഓവര്‍സ്റ്റീറും’ വളവുകളാണിവ കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. വളവ് തിരിയുമ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങ് തിരിക്കുന്നതിനനുസരിച്ച് കാര്‍ വളഞ്ഞ് വരാത്ത അവസ്ഥയാണ് ‘അണ്ടര്‍ സ്റ്റീര്‍’ ഇതേ അവസ്ഥയില്‍ കാര്‍ കൂടുതല്‍ വളഞ്ഞ് പോകുന്നതിനെ ‘ഓവര്‍സ്റ്റീര്‍’ എന്നും പറയും. ഈ പ്രശ്നം പരിഹരിക്കാന്‍ ഇ.എസ്.പി സഹായിക്കും. സെന്‍സറുകള്‍ വാഹന ചലനങ്ങള്‍ നിരീക്ഷിക്കുകയും വീലുകളെ നിയന്ത്രിക്കുകയും ചെയ്യും. വാഹനങ്ങളുടെ എന്‍ജിന്‍െറ ശക്തി കുറച്ച് നിയന്ത്രണത്തില്‍ കൊണ്ടുവരാനും ആധുനിക ഇ.എസ്.പി സാങ്കേതികതക്കാകും. 
 

ട്രാക്ഷന്‍ കണ്‍ട്രോള്‍ 
വീലുകളെ സ്വതന്ത്രമായി നിരീക്ഷിച്ച് തെന്നി നീങ്ങാനുള്ള സാധ്യത കണ്ടത്തെുകയും നിയന്ത്രിക്കുകയുമാണ് ട്രാക്ഷന്‍ കണ്‍ട്രോളിലൂടെ ചെയ്യുന്നത്. ഇത്തരം വാഹനങ്ങളില്‍ ഓരോ വീലിനും പ്രത്യേകം സെന്‍സറുകള്‍ ഉണ്ടാകും. ഒരു വീലിനെ അപേക്ഷിച്ച് മറ്റൊന്നിന് ഉണ്ടാകുന്ന വേഗത വ്യത്യാസം, തെന്നിനീങ്ങാനുള്ള സാധ്യത എന്നിവ നിയന്ത്രിക്കപ്പെടും. നനഞ്ഞ പ്രതലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ഉപകാര പ്രദമാണ് ട്രാക്ഷന്‍ കണ്‍ട്രോള്‍. 
ഷബീര്‍ പാലോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.