ടർബോ കാറുകളിൽ മൈലേജ് കൂട്ടണോ? ചില വിദ്യകൾ

സത്യത്തിൽ ഇങ്ങനെയൊന്നും പറയാൻ തന്നെ പാടില്ല എന്നായിരിക്കും ത്രില്ലിങ് ഡ്രൈവിങ് ഹരമാക്കിയവരുടെ ഹോട്ട് ചോയ്സായ ടർബോ എൻജിൻ വാഹനങ്ങളോടിക്കുന്നവരുടെ അഭിപ്രായം. മൈലേജ് കുറവാണെങ്കിലും ഓടിക്കുമ്പോഴുള്ള ത്രില്ലാണ് ടർബോ വാഹനങ്ങളുടെ പ്രത്യേകത എന്നറിഞ്ഞു കൊണ്ട് തന്നെയായിരിക്കുമല്ലോ ഇത്തരം വാഹനങ്ങൾ ആളുകൾ വാങ്ങുന്നത്.

പുത്തൻ തലമുറ കാറുകളിൽ ഇന്ന് താരം ‘ടർബോ’ എൻജിനുകളാണ്. കുറഞ്ഞ എൻജിൻ കപ്പാസിറ്റിയിൽ നിന്ന് കൂടുതൽ പവർ പുറത്തെടുക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. ടർബോ കാറുകൾക്ക് പൊതുവേ മൈലേജ് കുറവായിരിക്കും. പലപ്പോഴും ഡ്രൈവിങ് രീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ കൊണ്ട് വലിയ മാറ്റം മൈലേജിൽ കൊണ്ടുവരാൻ സാധിക്കും. അവയിൽ ഏറ്റവും പ്രധാനമാണ് ജെന്റിൽ ആക്സിലറേഷൻ (Gentle Acceleration).

എന്താണ് ജെന്റിൽ ആക്സിലറേഷൻ?

വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുമ്പോഴും വേഗത വർധിപ്പിക്കുമ്പോഴും ആക്സിലറേറ്റർ പെഡലിൽ പെട്ടെന്ന് ബലം പ്രയോഗിക്കാതെ, വളരെ പതുക്കെയും ക്രമാനുഗതമായും അമർത്തുന്ന രീതിയാണിത്.

ആക്സിലറേറ്റർ പെട്ടെന്ന് അമർത്തുമ്പോൾ എൻജിനിലേക്ക് വലിയ അളവിൽ ഇന്ധനം ഒരൊറ്റയടിക്ക് ഒഴുകുന്നു. ഇത് കത്താതെ പാഴാകാൻ സാധ്യതയുണ്ട്. പതുക്കെ വേഗത കൂട്ടുമ്പോൾ ഇന്ധനം കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കപ്പെടുന്നു.

ടർബോ കിക്ക് കുറക്കാം: ടർബോ എൻജിനുകളിൽ പെട്ടെന്ന് ആക്സിലറേഷൻ നൽകുമ്പോൾ ടർബോ ചാർജർ അതിവേഗത്തിൽ പ്രവർത്തിക്കുകയും കൂടുതൽ കരുത്ത് നൽകുകയും ചെയ്യും. ഇത് ഡ്രൈവിങ് രസകരമാക്കുമെങ്കിലും ഇന്ധനം വൻതോതിൽ ചെലവാക്കും. മിതമായ ഡ്രൈവിങ്ങിലൂടെ ഇത് നിയന്ത്രിക്കാം.

ദൂരക്കാഴ്ചയോടെയുള്ള ഡ്രൈവിങ്: മുന്നിലുള്ള ട്രാഫിക് മുൻകൂട്ടിക്കണ്ട് ബ്രേക്ക് പ്രയോഗിക്കുന്നത് കുറക്കുക. സിഗ്നലുകളിൽ എത്തുന്നതിനുമുമ്പേ ആക്സിലറേറ്ററിൽ നിന്ന് കാൽ മാറ്റുന്നത് ഇന്ധനം ലാഭിക്കും.

ശരിയായ ടയർ പ്രഷർ: ടയറിലെ കാറ്റ് കുറയുന്നത് എൻജിന് കൂടുതൽ ഭാരം നൽകുകയും മൈലേജ് കുറക്കുകയും ചെയ്യും. ആഴ്ചയിലൊരിക്കൽ പ്രഷർ ചെക്ക് ചെയ്യുക. പുതുതലമുറ വാഹനങ്ങളിലെല്ലാം ടയർ പ്രഷർ മോണിറ്ററിങ് (TPMS) ഇൻസ്‌ട്രുമെന്റ് ക്ലസ്റ്ററിൽ തന്നെ ചെക്ക് ചെയ്യാനാകും.

അനാവശ്യ ഭാരം ഒഴിവാക്കുക: കാറിനുള്ളിലെ അനാവശ്യ ലോഡുകൾ ഒഴിവാക്കുന്നത് എൻജിന്റെ ആയാസം കുറക്കും.

ക്രൂയിസ് കൺട്രോൾ

ഉപയോഗിക്കുക: ഹൈവേകളിൽ ഒരേ വേഗതയിൽ പോകാൻ ക്രൂയിസ് കൺട്രോൾ സഹായിക്കും, ഇത് മൈലേജ് വർധിപ്പിക്കാൻ മികച്ച വഴിയാണ്.

ഒരു സ്പോർട്സ് കാർ ഓടിക്കുന്ന ലാഘവത്തോടെ ടർബോ കാറുകളെ കൈകാര്യം ചെയ്യാതെ, അൽപം ക്ഷമയോടെയും സ്നേഹത്തോടെയും ഓടിച്ചാൽ പവറും മൈലേജും ഒരുപോലെ സ്വന്തമാക്കാം.

Tags:    
News Summary - Want to increase mileage in turbo cars? Some techniques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.