ന്യൂഡൽഹി: ടാക്സികളിലും പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സംവിധാനങ്ങളും അപായബട്ടണും വേണമെന്ന നിയമം കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി സുപ്രീംകോടതി.
പൊതുഗതാഗത വാഹനങ്ങളിൽ ഒരു ശതമാനത്തിൽ പോലും ലൊക്കേഷൻ ട്രാക്കിങ് ഉപകരണം ഇല്ലെന്ന വസ്തുത അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. എല്ലാ യാത്രക്കാരുടെയും പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
പുതിയതും നിലവിലുള്ളതുമായ പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളും പാനിക് ബട്ടണും സ്ഥാപിക്കണമെന്ന 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടം 125 എച്ച് കർശനമായി നടപ്പാക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവ് നൽകിയത്. ഈ സജ്ജീകരണങ്ങൾ ഏർപ്പെടുത്താതെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റോ പെർമിറ്റോ നൽകരുത്. വാഹൻ ആപ്പിലും വ്യക്തമാക്കണം.
വാഹന നിർമാതാക്കൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണവും പാനിക് ബട്ടണും പ്രീ-ഇൻസ്റ്റാൾ ചെയ്ത് വാഹനങ്ങൾ വിൽക്കണം. അത് നടപ്പാക്കാനാകുമോ എന്ന കാര്യം വാഹന നിർമാതാക്കളുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.