ഇ-20 ക്ക് പിന്നാലെ ഡീസലിൽ ബയോ ഇന്ധനം ചേർക്കാൻ കേന്ദ്രസർക്കാർ: രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർത്ത് പരീക്ഷണം

മുംബൈ: പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തിറക്കിയതിന് പിന്നാലെ ഡീസലിൽ ബയോ ഇന്ധനം ചേർക്കാൻ കേന്ദ്രസർക്കാർ. ഡീസലിൽ രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണം തുടങ്ങി. തുടർന്ന് ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ബദൽ ഇന്ധനനയത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഡീസലിൽ നേരിട്ട് എഥനോൾ ചേർക്കാൻ കഴിയില്ല. അതുകൊണ്ടാണ് എഥനോളിൽനിന്ന് തയ്യാറാക്കുന്ന ഐസോബ്യൂട്ടനോൾ എന്ന ബയോ ഇന്ധനം ഡീസലിൽ ചേർക്കുന്നതിന് പദ്ധതി തയ്യാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡീസലിന് ബദലായി ഐസോബ്യൂട്ടനോൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ പരീക്ഷണ പദ്ധതികളിൽ മികച്ച ഫലമാണ് ലഭിച്ചത്. ജനറേറ്ററുകൾ എഥനോളിലും ഐസോബ്യൂട്ടനോളിലും വിജയകരമായി പ്രവർത്തിച്ചതായും ഗഡ്കരി അവകാശപ്പെട്ടു.

ഊർജ്ജ സാന്ദ്രത കൂടിയ ബയോ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. എൻജിനുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. സാധാരണ ബയോ ഇന്ധനങ്ങളെ അപേക്ഷിച്ച് മലിനീകരണവും കുറവാണെന്ന് കണക്കാക്കുന്നു. ഡീസലിൽ ഐസോബ്യൂട്ടനോൾ പ്രായോഗികമായി കൂടിയ അളവിൽ ഉപയോഗിക്കാനായാൽ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി വീണ്ടും കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇ-20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനത്തിന്റെ മൈലേജ് കുറയ്ക്കുന്നതിനും എൻജിന് തകരാർ സംഭവിക്കാനും സാധ്യതയുണ്ടെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഡീസലിലും ബയോ ഇന്ധനം ചേർക്കാനുള്ള പദ്ധതിയുമായി വരുന്നത്.

അതേസമയം, ഇ-20 പെട്രോൾ ഉപയോഗിച്ചതിനെത്തുടർന്ന് പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് തകരാറിലായെന്ന ആരോപണവുമായി ബിഹാർ സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മനീഷ് കശ്യപ് രംഗത്തുവന്നിരുന്നു. എന്നാൽ, വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയ ടൊയോട്ട വീഡിയോയിലെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. വാഹനം തകരാറിലായത് ഇ-20 പെട്രോൾ മൂലമല്ലെന്നും ഇന്ധനത്തിലുണ്ടായ മലിനീകരണമാണെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ വാഹന നിർമാതാക്കളും പെട്രോളിയം മന്ത്രാലയവും ഇതിനകം പലതവണ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.

2023 ഏപ്രിലിന് ശേഷം വിപണിയിലെത്തിയ മിക്ക വാഹനങ്ങളും ഇ-20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധന സംവിധാനങ്ങൾ എഥനോൾ കലർന്ന പെട്രോളിനെ അതിജീവിക്കാൻ ശേഷിയുള്ളവയാണ്. പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമത കുറയുന്നതും എൻജിൻ ഭാഗങ്ങൾക്ക് തേയ്മാനം സംഭവിക്കുന്നതും സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ വ്യാപകമായ പരാതികളുണ്ട്. 'ലോക്കൽ സർക്കിൾസ്' നടത്തിയ സമീപകാല സർവേയിലും പഴയ പെട്രോൾ വാഹന ഉടമകളിൽ വലിയൊരു വിഭാഗം മൈലേജ് കുറഞ്ഞതായും അറ്റകുറ്റപ്പണികൾ വർധിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ മൈലേജിൽ കുറവുണ്ടാകുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി ഇന്നലെ സമ്മതിച്ചിരുന്നു.

എങ്കിലും, ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, പെട്രോൾ പമ്പുകളിൽനിന്ന് ലഭിക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags:    
News Summary - After E-20, central government to add biofuel to diesel: Experiment with adding two percent isobutanol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.