178 കിലോമീറ്റർ റേഞ്ച്, പി.എം ഇ-ഡ്രൈവ് സ്‌കീമിൽ 5,000 രൂപയുടെ ആനുകൂല്യം: പുതിയ 'ബിഗൗസ് സി12 മാക്സ്ആർ' ഇവി സ്കൂട്ടർ വിപണിയിൽ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ബിഗൗസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും പുതിയ സി12 മാക്സ്ആർ രാജ്യത്ത് അവതരിപ്പിച്ചു. ഫാമിലി സ്കൂട്ടർ വിപണി ലക്ഷം വെച്ചുള്ള നിർമാണ ശൈലി പിന്തുടരുന്നതിനാൽ ധാരണം സംഭരണ സൗകര്യം സ്കൂട്ടറിന് ലഭിക്കുന്നുണ്ട്. 1.46 ലക്ഷം രൂപയാണ് പുതിയ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ചാർജറും ജി.എസ്.ടിയും ഉൾപ്പെടെ 1,59,990 രൂപ എക്സ് ഷോറൂം വിലയിൽ ഉപഭോക്താക്കൾക്ക് സ്കൂട്ടർ സ്വന്തമാക്കാം. കൂടാതെ, ഇപ്പോൾ വാഹനം വാങ്ങിക്കുന്നവർക്ക് പി.എം ഇ-ഡ്രൈവ് സ്‌കീമിൽ 5,000 രൂപയുടെ ആനുകൂല്യവും ലഭിക്കുന്നുണ്ട്.

ബാറ്ററിയും റേഞ്ചും

3.8 kWh ശേഷിയുള്ള IP67- റേറ്റിങ്ങുള്ള എൽ.എഫ്.പി ബാറ്ററിയാണ് സി12 മാക്സ്ആറിന് കരുത്ത് പകരുന്നത്. മികച്ച താപ സംരക്ഷണത്തിനായി അലുമിനിയം എൻക്ലോഷറിലാണ് ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്. 110ലധികം സുരക്ഷാ ഫങ്ഷനുകളുള്ള നൂതന ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (ബി.എം.എസ്) ഇതിലുണ്ട്. ഒറ്റച്ചാർജിൽ ഐ.ഡി.സി സാക്ഷ്യപ്പെടുത്തിയ 178 കിലോമീറ്റർ റേഞ്ചാണ് സ്കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്.

മോട്ടോറും വേഗതയും

കമ്പനിയുടെ സ്വന്തം ഹൈപ്പർസെൻ (HyperZen) ഇൻ-വീൽ മോട്ടോർ പ്ലാറ്റ്‌ഫോമാണ് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. 4.2 kW പീക്ക് പവർ നൽകുന്ന മോട്ടോറിന് മണിക്കൂറിൽ 75 കിലോമീറ്ററിലധികം വേഗത കൈവരിക്കാനാകും. മോട്ടോർ, ഗിയർ ട്രാൻസ്മിഷൻ, ബ്രേക്കിങ് സിസ്റ്റം, എം.സി.യു (MCU) എന്നിവ ഒറ്റ ആർക്കിടെക്ചറിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബെൽറ്റ് അല്ലെങ്കിൽ ചെയിൻ ഡ്രൈവുകളുടെ ആവശ്യകത ഒഴിവാക്കുന്ന ഇന്റഗ്രേറ്റഡ് ഗിയർ ട്രാൻസ്മിഷൻ സംവിധാനമാണ് സ്കൂട്ടറിൽ നൽകിയിരിക്കുന്നത്. ഈ ടെക്നോളജി അറ്റകുറ്റപ്പണികൾ കുറക്കാനും ടോർക്ക് കാര്യക്ഷമമായി നൽകാനും സഹായിക്കുന്നു.

പ്രത്യേകതകളും സ്റ്റോറേജ് സൗകര്യങ്ങളും

യാത്രക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ബിഗൗസ് സി12 മാക്സ്ആർ ഇവി സ്കൂട്ടറിൽ നൽകിയിരിക്കുന്നത്. 'LifeEasy' സ്റ്റോറേജ് കോൺസെപ്റ്റിന്റെ ഭാഗമായി നിർമിച്ചിരിക്കുന്ന ഈ സ്കൂട്ടറിൽ രണ്ട് ഹെൽമെറ്റുകൾ സൂക്ഷിക്കാവുന്ന അണ്ടർ സീറ്റ് സ്റ്റോറേജ് കമ്പാർട്ട്മെന്റ്, പോപ്പ്-ഔട്ട് അംബ്രല്ല ഹോൾഡർ, ഡോക്യുമെന്റുകൾക്കും വാലറ്റുകൾക്കുമുള്ള ലോക്ക് ചെയ്യാവുന്ന കമ്പാർട്ട്മെന്റ് എന്നിവ നൽകിയിട്ടുണ്ട്.


കൂടാതെ, വയർലെസ് ചാർജിങ്, മൊബൈൽ-ബോട്ടിൽ സ്റ്റോറേജ്, ക്ലീനിങ് ക്ലോത്തിനായി പ്രത്യേക സ്ഥലം, ഇടത്തരം ലഗേജുകൾ കൊണ്ടുപോകാൻ സഹായിക്കുന്ന വലിയ ഫ്ലോർബോർഡ്, മുൻവശത്ത് ക്രിസ്റ്റൽ ലാമ്പ് (Krystal Lamp), എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ഇൻഡിക്കേറ്ററുകൾ, ഒപ്പം മനോഹരമായ ക്വിൽറ്റഡ് സീറ്റ് എന്നിവയും സ്കൂട്ടറിൽ നാക്കിയിട്ടുണ്ട്.

സ്മാർട്ട് ഫീച്ചറുകൾ

ടേൺ-ബൈ-ടേൺ നാവിഗേഷൻ, കാൾ നോട്ടിഫിക്കേഷനുകൾ, റൈഡ്/ചാർജിങ് വിവരങ്ങൾ എന്നിവ നൽകുന്ന അഞ്ച് ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേ, ഡിസ്റ്റൻസ്-ടു-എപ്റ്റി, ഫാൾസെൻസ് (FallSense), സൈഡ്-സ്റ്റാൻഡ്/മെയിൻ-സ്റ്റാൻഡ് മോട്ടോർ കട്ട്-ഓഫ്, റിമെംബർ മൈ മോഡ്, ഗൈഡ് മൈ ഹോം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. പാരന്റൽ ലോക്ക്, സെക്യൂർലോക്ക്, എസ്‌ഒഎസ് (SOS), ഡിജിലോകർ ഇന്റഗ്രേഷൻ എന്നിവ ബിഗൗസ് കണക്റ്റഡ് പ്ലാറ്റ്‌ഫോം വഴിയും ലഭ്യമാണ്.

മെക്കാനിക്കൽ ഘടകങ്ങളും കളർ ഓപ്ഷനുകളും

12 ഇഞ്ച് അലോയ് വീലുകളിലും ട്യൂബ്‌ലെസ് ടയറുകളിലുമാണ് സ്കൂട്ടർ നിരത്തിലിറങ്ങുന്നത്. 220 എം.എം ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, റിയർ സി.ബി.എസ് (CBS), ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, അഞ്ച് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന പിൻ സസ്പെൻഷൻ എന്നിവ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. കൂടാതെ, 160 എം.എം ഗ്രൗണ്ട് ക്ലിയറൻസും 150 കിലോ പേലോഡ് ശേഷിയുമാണ് സ്കൂട്ടറിനുള്ളത്. സ്പാർക്ലിങ് വൈൻ വിത്ത് ഷാംപെയ്ൻ ഗോൾഡ്, ടെറ ഗ്രീൻ വിത്ത് ഷാംപെയ്ൻ ഗോൾഡ്, പേൾ വൈറ്റ്, സാറ്റിൻ ബ്ലാക്ക് എന്നീ നാല് ആകർഷകമായ നിറങ്ങളിൽ രാജ്യത്തുടനീളമുള്ള ബിഗൗസ് ഡീലർഷിപ്പുകൾ വഴി വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

Tags:    
News Summary - BGauss C12 MaxR Launched at Indian Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.